CV Balachandran - VT Balram Clash
തൃത്താലയില്‍ മുന്‍ എംഎല്‍എ വി ടി ബല്‍റാമും കെപിസിസി നിര്‍വാഹക സമിതി അംഗമായ സി വി ബാലചന്ദ്രനും തമ്മിലുള്ള വാക്‌പോരില്‍ ഇടപെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാലക്കാട് കോഴിക്കരയില്‍ നടന്ന കോണ്‍ഗ്രസിന്റെ ഒരു കുടുംബസമ്മേളനത്തിനിടയില്‍ വെച്ചായിരുന്നു വിടി ബല്‍റാമിനെതിരെ സി വി ബാലചന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ബല്‍റാം നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയാണെന്നും എന്നാല്‍ വിജയിച്ചതോടെ അഹങ്കാരവും ദാര്‍ഷ്ട്യവുമുള്ള വ്യക്തിയായി ബല്‍റാം മാറിയെന്നും സ്വയം മാറാന്‍ തയ്യാറായില്ലെങ്കില്‍ വലിയ രീതിയില്‍ തിരിച്ചടിയുണ്ടാകുമെന്നും സി വി ബാലചന്ദ്രന്‍ പരസ്യമായി പറഞ്ഞിരുന്നു.
സി വി ബാലചന്ദ്രന്റെ ഈ പ്രസ്താവനക്കെതിരെ ബല്‍റാം തന്നെ പ്രതികരിച്ചതോടെ ഇത് കോണ്‍ഗ്രസിനുള്ളില്‍ ചേരിപോരിലേക്ക് എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രനുമായി ചര്‍ച്ച നടത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കം സൈബര്‍ ഇടത്തില്‍ കൂടി വ്യാപിച്ചതോടെയാണ് ഇടപെടല്‍. നിലവിലെ സിപിഎം ഭരണത്തില്‍ നിന്നും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഈ സമയത്ത് ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമായ ഒരു തര്‍ക്കം ഒഴിവാക്കണമെന്നുമാണ് കെപിസിസി നേതൃത്വം വ്യക്തമാക്കുന്നത്.
കെപിസിസി പ്രസിഡന്റിന്റെ ഇടപെടലോട് വിവാദം കെട്ടടങ്ങുമെന്ന സൂചനയാണ് വരുന്നതെങ്കിലും ഇരു നേതാക്കളെയും ഒന്നിച്ചിരുത്തി ഇതുവരെയും ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. വിഷയത്തില്‍ ഡിസിസിയില്‍ ബാലചന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ ഏറെയായതിനാല്‍ കോണ്‍ഗ്രസിനകത്ത് തന്നെ ഒരു ചേരിതിരിവ് ഉണ്ടായിട്ടുണ്ട് എന്നതാണ് പാര്‍ട്ടിയെ കുഴപ്പിക്കുന്നത്. തിരെഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ തന്നെ കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.