Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാല്‍ ജോസിന്റെ ചരിത്ര യാത്രയ്ക്ക് ടൂറിസം വകുപ്പ് നയാപൈസ കൊടുക്കില്ല!

ലാല്‍ ജോസിന്റെ ചരിത്ര യാത്രയ്ക്ക് ടൂറിസം വകുപ്പ് നയാപൈസ കൊടുക്കില്ല!
, ചൊവ്വ, 12 ഓഗസ്റ്റ് 2014 (13:45 IST)
സംവിധായകന്‍ ലാല്‍ ജോസിനും സംഘത്തിനും ചരിത്ര യാത്രയുടെ പേരില്‍ ടൂറിസം വകുപ്പ് നയാപൈസ കൊടുക്കില്ല. ലോകസമാധാനം ലക്‍ഷ്യമാക്കി 27 രാജ്യങ്ങള്‍ താ‍ണ്ടി ലണ്ടനിലെത്താനുള്ള ചരിത്രയാത്ര നിബന്ധനകള്‍ പാലിക്കാതെ സംഘം അടിച്ചുപിരിഞ്ഞതാണ് കാരണം. ടൂറിസം വകുപ്പിനോട് സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിച്ചിരുന്നെങ്കിലും പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പാണ് 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. ഇതിന് ചില നിബന്ധനകളും ടൂറിസം വകുപ്പ് മുന്നോട്ട് വച്ചിരുന്നു.
 
റെക്കോര്‍ഡ് ഡ്രൈവ് നടത്തുന്ന ഫോര്‍ഡ് എന്‍ഡവര്‍ കാറില്‍ കേരള ടൂറിസത്തിന്റെ ലോഗോ വയ്ക്കുക, കേരള ടൂറിസത്തെക്കുറിച്ച് സന്ദര്‍ശിക്കുന്ന നാടുകളില്‍ പ്രചരണം നടത്തുക, തിരികെ വന്നു മൂവരും പത്രസമ്മേളനം നടത്തുക, യാത്രയുടെ തെളിവുകള്‍ ഹാജരാക്കുക എന്നിങ്ങനെയായിരുന്നു നിബന്ധനകള്‍. എന്നാല്‍ സംഘം അടിച്ചു പിരിഞ്ഞതോടെ ഈ സാധ്യതകള്‍ ഇല്ലാതായി. 
 
80 ദിവസം പ്ലാന്‍ ചെയ്ത യാത്ര 39 ദിവസമായപ്പോഴേയ്ക്കും അടിച്ചു പിരിഞ്ഞു. സംഘാംഗങ്ങളായ മുന്‍ ദുബായ് വേള്‍ഡ് ഉദ്യോഗസ്ഥന്‍ സുരേഷ് ജോസഫും മാധ്യമപ്രവര്‍ത്തകന്‍ ബൈജു എന്‍ നായരും തമ്മിലുണ്ടായ തര്‍ക്കമാണ് വേര്‍പിരിയലില്‍ കലാശിച്ചത്. തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍നിന്നും സുരേഷ് ജോസഫും ലാല്‍ ജോസും കൂടി കാറിലും ബൈജു തനിയെ ബസിലും യാത്ര തുടങ്ങി. ബൈജു എന്‍ നായര്‍ ലണ്ടനിലെത്തി യാത്ര പൂര്‍ത്തിയാക്കുകയും ചെയ്തു. വാര്‍ത്ത വിവാദമാ‍യതിനേ തുടര്‍ന്ന് ടൂറിസം വകുപ്പ് സ്പോണ്‍സര്‍ ഷിപ്പില്‍നിന്ന് പിന്‍‌വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും തങ്ങള്‍ യാത്ര സ്പോണ്‍സര്‍ ചെയ്തിട്ടേയില്ലെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം. 

Share this Story:

Follow Webdunia malayalam