വ്യക്തി താൽപര്യങ്ങൾ കണക്കിലെടുത്താണ് സെൻകുമാറിനെ മാറ്റിയതെന്ന് സുപ്രീംകോടതി; മാർച്ച് 27നകം സര്‍ക്കാര്‍ സത്യവാങ്മൂലം നൽകണം
ടിപി സെൻകുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി
ടിപി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. വ്യക്തി താൽപര്യങ്ങൾ കണക്കിലെടുത്താണ് സെൻകുമാറിനെ മാറ്റിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരാളെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.
മാധ്യമ വാർത്തകളുടെ പേരില്‍ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ പൊലീസിൽ ആരെങ്കിലും ഉണ്ടാകുമോയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ മാർച്ച് 27നകം സത്യവാങ്മൂലം നൽകാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് മദൻ ബി ലൊക്കൂർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പൊലീസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട് സെൻകുമാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമർശനമുണ്ടായത്. സിപിഎമ്മിന്റെ പകപോക്കലാണ് സർക്കാരിന്റെ തീരുമാനത്തിനു കാരണമെന്ന് ഹർജിയിൽ സെൻകുമാർ ആരോപിച്ചിട്ടുണ്ട്.