ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ സമഗ്ര വികസനക്കുതിപ്പിനു ശക്തിപകര്‍ന്നു രണ്ടു പ്രധാന റോഡുകള്‍ ഗതാഗതത്തിനു തുറന്നു. വടക്കന്‍ തീരപ്രദേശങ്ങളെ ദേശീയ പാതയുമായും എം.സി. റോഡുമായും ബന്ധിപ്പിക്കുനന ചെറുന്നിയൂര്‍ മുതല്‍ കിളിമാനൂര്‍ വരെയുള്ള പാതയും കിളമാനൂര്‍ മുതല്‍ മൊട്ടക്കുഴി വരെയുള്ള പാതയുമാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിച്ചത്.
കഴിഞ്ഞ 53 മാസത്തിനിടെ ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ വികസനം ലക്ഷ്യംവച്ചു വൈവിധ്യമാര്‍ന്ന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി റോഡുകള്‍ ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. കിഫ്ബിയില്‍നിന്നുള്ള 32.44 കോടി ചെലവിലാണു ചെറുന്നിയൂരില്‍ തുടങ്ങി ഒറ്റൂര്‍ - മണമ്പൂര്‍- കരവാരം - നഗരൂര്‍ വഴി കിളിമാനൂരില്‍ അവസാനിക്കുന്ന 33 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്. ആറു പഞ്ചായത്തുകളിലൂടെ റോഡ് കടന്നുപോകുന്നുണ്ട്. ഓടകള്‍, കലുങ്കുകള്‍, സംരക്ഷണഭിത്തികള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ട്രാഫിക്ക് സേഫ്റ്റി വര്‍ക്ക് എന്നിവയും റോഡിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്.