ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണം തുടങ്ങി. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സ് എന്ന നിലയിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കിറ്റുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു.
ആദ്യഘട്ടമെന്ന നിലയില്‍ പ്രീ പ്രൈമറി, പ്രൈമറി വിഭാഗം (ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ) കുട്ടികള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത്. തുടര്‍ന്ന് അപ്പര്‍പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള (ആറ് മുതല്‍ എട്ട് വരെ) ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും. ഭക്ഷ്യധാന്യവും എട്ടിന ഭക്ഷ്യവസ്തുക്കളുമാണ് ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റില്‍ യഥാക്രമം രണ്ട് കിലോ, ഏഴ് കിലോ ഭക്ഷ്യധാന്യവും (അരി) 308.14 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപ്പര്‍പ്രൈമറി വിഭാഗക്കാര്‍ക്ക് നല്‍കുന്ന കിറ്റില്‍ 10 കിലോ ഭക്ഷ്യധാന്യവും 461.90 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുമാണുള്ളത്. ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ഭക്ഷ്യഎണ്ണ, മൂന്നിനം കറി പൗഡറുകള്‍ എന്നിവയാണ് ഭക്ഷ്യവസ്തുക്കളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.