ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇടവകകള്‍, പള്ളികള്‍, മറ്റു സ്ഥാപനങ്ങള്‍ , വിവിധ സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടികളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകള്‍, കമാനങ്ങള്‍ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവയായിരിക്കണം.
ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങള്‍ക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കള്‍ പ്രയോജനപ്പെടുത്തുക, വേദികള്‍ ശുചീകരിക്കുക, മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയവ നിര്‍ദേശങ്ങളും പാലിക്കണം. ആഘോഷ പരിപാടികളില്‍ നിരോധിത ഉല്‍പന്നങ്ങള്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ല കളക്ടര്‍ അഭ്യര്‍ത്ഥിച്ചു