'ആരാണ് മേഴ്‌സിക്കുട്ടിയമ്മയെന്ന് ഇപ്പോള്‍ മനസിലായോ'; സസ്‌പെന്‍ഷനു പിന്നാലെ എയറിലായി കളക്ടര്‍ ബ്രോ
സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രശാന്ത് നടത്തിയ പരിഹാസത്തിനും സോഷ്യല്‍ മീഡിയ മറുപടി നല്‍കുന്നു
Mercykutty Amma and N Prasanth
അച്ചടക്ക ലംഘനത്തിനു സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഐഎഎസിന് ട്രോള്‍ മഴ. സമൂഹമാധ്യമങ്ങളിലൂടെ പ്രശാന്ത് നടത്തിയ പല പരാമര്‍ശങ്ങളും പ്രശാന്തിനു തിരിച്ചടിയാകുകയാണ് ഇപ്പോള്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളിലാണ് പ്രശാന്തിനെതിരെ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രശാന്ത് തുടര്‍ച്ചയായി ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിയാണ് പ്രശാന്തിനെതിരായ നടപടി ശുപാര്‍ശ അംഗീകരിച്ചത്.
വകുപ്പുതല നടപടിയുണ്ടാകുമെന്ന് അറിഞ്ഞിട്ടും പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തുടരുകയായിരുന്നു. വിവാദം കത്തിനില്‍ക്കെ 'കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ..' എന്ന തലക്കെട്ടില്‍ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഈ ക്യാപ്ഷന്‍ ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളില്‍ നിറഞ്ഞിരിക്കുന്നത്. 'സസ്‌പെന്‍ഷനില്‍ ആയില്ലേ, ഇനി വീട്ടിലിരുന്ന് എത്ര വേണമെങ്കിലും കള പറിക്കാം' എന്നാണ് പ്രശാന്തിനെതിരായ പരിഹാസം.
സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രശാന്ത് നടത്തിയ പരിഹാസത്തിനും സോഷ്യല്‍ മീഡിയ മറുപടി നല്‍കുന്നു. പ്രശാന്തിനെതിരെ കഴിഞ്ഞ ദിവസം മേഴ്‌സിക്കുട്ടിയമ്മ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേ കുറിച്ച് ഫെയ്‌സ്ബുക്ക് കമന്റ് ബോക്‌സില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ 'മേഴ്‌സിക്കുട്ടിയമ്മയോ, അത് ആരാണ്?' എന്ന പരിഹാസ മറുപടിയാണ് പ്രശാന്ത് നല്‍കിയത്. സസ്‌പെന്‍ഷന്‍ വന്നതിനു പിന്നാലെ ഇടത് അനുകൂലികള്‍ ഇതിനുള്ള മറുപടിയും പലിശ സഹിതം നല്‍കി. 'മേഴ്‌സിക്കുട്ടിയമ്മ ആരാണെന്ന് കളക്ടര്‍ ബ്രോയ്ക്കു ഇപ്പോള്‍ മനസിലായി കാണും. അല്ല, സസ്‌പെന്‍ഷന്‍ കിട്ടിയ ഈ പ്രശാന്ത് ആരാണ്?' എന്ന ചോദ്യമാണ് പ്രശാന്തിനെ ട്രോളാന്‍ സിപിഎം അനുകൂലികള്‍ ഉപയോഗിക്കുന്നത്.