'എല്ലാം മോദിജിയുടെ ഇഷ്ടം പോലെ'; പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഉണ്ണി മുകുന്ദന്‍
പത്തനംതിട്ടയില്‍ പ്രഥമ പരിഗണന ഉണ്ണി മുകുന്ദന് തന്നെയായിരിക്കും
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യത. പത്തനംതിട്ട സീറ്റില്‍ നിന്ന് ഉണ്ണി മുകുന്ദനെ മത്സരിപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. ശബരിമല പ്രമേയമാക്കി ചെയ്ത 'മാളികപ്പുറം' എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ചിരുന്നു. ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായി. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട സീറ്റില്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പത്തനംതിട്ടയില്‍ പ്രഥമ പരിഗണന ഉണ്ണി മുകുന്ദന് തന്നെയായിരിക്കും. അതിനു ശേഷം കുമ്മനം രാജശേഖരനെ പരിഗണിക്കും. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ ഉണ്ണി മുകുന്ദന്‍ മത്സരരംഗത്ത് ഇറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തവണ കൊച്ചിയില്‍ എത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ഉണ്ണി മുകുന്ദന്‍ അന്ന് വാക്ക് നല്‍കിയിരുന്നെന്നാണ് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ്‌ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകളേക്കാള്‍ അരലക്ഷം വോട്ട് കൂടുതല്‍ ലഭിച്ചാല്‍ പത്തനംതിട്ടയില്‍ ജയിക്കാന്‍ കഴിയുമെന്നാണ് ബിജെപി വിലയിരുത്തല്‍. ഉണ്ണി മുകുന്ദന്‍ മത്സരിച്ചാല്‍ നിഷ്പക്ഷ വോട്ടുകള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയാണ് പത്തനംതിട്ടയില്‍ ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. ബിജെപിക്കായി മത്സരിച്ച കെ.സുരേന്ദ്രന് മൂന്നാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.