Webdunia - Bharat's app for daily news and videos

Install App

ഒളിഞ്ഞുനോട്ടം വി എസിന്റെ വീക്ക്നെസ്സ് ആണ്: വി ടി ബൽറാം

വി എസിന്റെ മാത്രമല്ല ഈ ലോകം: വി ടി ബൽറാം

Webdunia
ചൊവ്വ, 9 ജനുവരി 2018 (14:09 IST)
എകെജി വിവാദ പരാമർശത്തിൽ മറുപടി നൽകിയ വി എസ് അച്യുതാനന്ദനെ വ്യക്തിപരമായി അധിക്ഷേപിച്ച് വി ടി ബൽറാം എം എൽ എ. സർക്കാർ ചെലവിൽ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ്‌ റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത്‌ മാത്രമല്ല, തങ്ങൾ ചെറുപ്പക്കാരുടേത്‌ കൂടിയാണ്‌ ഈ ലോകമെന്ന് വിഎസിനോട് ബൽറാം പറയുന്നു. 
 
എകെജിക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് വിഎസ് ദേശാഭിമാനിയിലടക്കം എഴുതിയ ലേഖനത്തിന് നൽകിയ മറുപടിയിലാണ് ബൽറാമിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും താങ്കളുടെ ദൗർബല്യമാണെന്ന് കേരളീയർക്ക് അറിയാമെന്നും ബൽറാം സമൂഹമാധ്യമത്തിൽ കുറിച്ചു.
 
ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം:
 
"വിവാഹവുമായി ബന്ധപ്പെട്ട്‌ ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോ എന്ന് മാലോകരോട്‌ പറയണം എന്നാണ്‌ ഞാൻ ആശിക്കുന്നത്‌."
 
സിപിഎമ്മിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാനുമായ വി.എസ്‌. അച്യുതാനന്ദൻ ദേശാഭിമാനിയിലടക്കം എഴുതിയ ലേഖനത്തിലെ വാക്കുകളാണിത്‌. സാധാരണ സൈബർ സഖാക്കൾ കഴിഞ്ഞ മൂന്നു നാല്‌ ദിവസങ്ങളായി എന്നോടുള്ള ചോദ്യം എന്ന നിലയിൽ ഉയർത്തുന്ന അതേ കാര്യമാണ്‌ ഏറ്റവും സീനിയറായ സിപിഎം നേതാവിനും ചോദിക്കാനുള്ളത്‌ എന്നതിൽ നിന്ന് ആ പാർട്ടിയുടെ പൊതുചിന്താഗതി വ്യക്തമാവുന്നു. എന്താണ്‌ ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്‌? ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക്‌ വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത്‌ എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച്‌ പറഞ്ഞത്‌ ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാൽ മറുഭാഗത്ത്‌ മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ‌ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത്‌ എത്ര വലിയ ഇരട്ടത്താപ്പാണ്‌ ശ്രീ. അച്യുതാനന്ദൻ?
 
താങ്കൾ താരതമ്യപ്പെടുത്താനാഗ്രഹിക്കുന്ന ഏതു വലിയ നേതാവിനേക്കാളും എത്രയോ ഇരട്ടി വലുപ്പമുള്ള മഹാമേരുവാണ്‌ ലോകമാദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ്‌. തന്റെ പൊതുജീവിതത്തിലെ മാത്രമല്ല, വ്യക്തിജീവിതത്തിലേയും ഓരോ നിസ്സാര കാര്യങ്ങളും അങ്ങേയറ്റം സത്യസന്ധമായി പൊതുസമൂഹത്തോട്‌ തുറന്നുപറഞ്ഞ സുതാര്യതയുടെ ഉടമ. അന്നത്തെ നാട്ടാചാരമനുസരിച്ച്‌ സമപ്രായക്കാരിയായ ഒരാളുമായുണ്ടായ അദ്ദേഹത്തിന്റെ വിവാഹത്തേയും മറ്റ്‌ ആരുടേതെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട്‌ അതും വേറെന്തെങ്കിലും തമ്മിൽ കൂട്ടിക്കെട്ടാനുള്ള താങ്കളുടെ ആശ കയ്യിൽത്തന്നെ വച്ചോളൂ, അല്ലെങ്കിൽ പതിവുപോലെ സ്വന്തം നിലയ്ക്ക്‌ തന്നെ ആയിക്കോളൂ, എന്നെയതിന്‌ പ്രതീക്ഷിക്കണ്ട.
 
രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്ന് കേരളീയ സമൂഹത്തിന്‌ എത്രയോ കാലമായി നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തിൽ നിന്നുയർന്നുവന്ന പാർട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയിൽ എതിർസ്ഥാനാർത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ താങ്കളുടെ വായിൽനിന്ന് പുറത്തുവന്ന മൊഴിമുത്തുകൾ മലയാള സാഹിത്യത്തിന്‌ വലിയ മുതൽക്കൂട്ടാണ്‌.
 
കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയേക്കുറിച്ച്‌ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ചൊക്കെ നിയമസഭയിൽ അങ്ങ്‌ നടത്തിയ ഹീനമായ അധിക്ഷേപങ്ങൾ സഭാരേഖാകളിൽ ഉണ്ടോ എന്നറിയില്ല, എന്നാൽ ഇപ്പുറത്തിരുന്ന് നേരിൽ കേട്ട ഞങ്ങളുടെയൊക്കെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്‌. അന്ന് അശ്ലീലാഭാസച്ചിരിയോടെ അതു കേട്ട്‌ ഡെസ്ക്കിലടിച്ച്‌ പ്രോത്സാഹിപ്പിച്ച അങ്ങയുടെ പാർട്ടിക്കാരുടെ മുഖങ്ങളും ഞങ്ങൾക്കോർമ്മയുണ്ട്‌. പെട്ടെന്നുള്ള ഒരു പ്രകോപനത്താലല്ല, മറിച്ച്‌ സർക്കാർ ചെലവിൽ നിയമിക്കപ്പെട്ട പേഴ്സണൽ സ്റ്റാഫിനെക്കൊണ്ട്‌ എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന് നിയമസഭയിൽ നോക്കി വായിച്ച, നീട്ടിയും കുറുക്കിയും ആവർത്തിച്ച, പ്രസംഗത്തിലായിരുന്നു ഈ ആഭാസ ഘോഷയാത്ര എന്നതും ഈ നാട്‌ മറന്നുപോയിട്ടില്ല.
 
എന്നെ അമൂൽ ബേബിയെന്ന് വിളിച്ചതിൽ ഒരു വിരോധവുമില്ല, കാരണം കോൺഗ്രസിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ അധ്യക്ഷനെ അങ്ങനെ വിളിച്ചതിന്റെ തുടർച്ചയായാണ്‌ എന്നെയും വിളിക്കുന്നതെന്ന് അങ്ങു തന്നെ പറയുന്നുണ്ടല്ലോ. എനിക്കത്‌ അഭിമാനമാണ്‌. എന്നാൽ ശ്രീ. അച്യുതാനന്ദൻ ഒന്നോർക്കുക, സർക്കാർ ചെലവിൽ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ്‌ റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത്‌ മാത്രമല്ല, ഞങ്ങൾ ചെറുപ്പക്കാരുടേത്‌ കൂടിയാണ്‌ ഈ ലോകം. അമൂൽ ബേബിമാരെ കയർഫെഡ്‌ എംഡി മുതൽ ഐഎച്ച്‌ആർഡി ഡയറക്ടർ വരെയുള്ള ഉന്നതപദവിയിലേക്ക്‌ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന അധികാര സാമീപ്യത്തിന്റെ ആനുകൂല്യമൊന്നും എല്ലാവർക്കും ഇല്ലെങ്കിലും ഇന്നാട്ടിലെ ചെറുപ്പക്കാർ അവരവരുടെ മേഖലയിൽ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. കാലം മാറുന്നത്‌ ദയവായി തിരിച്ചറിയുക.
 
താങ്കളേപ്പോലുള്ളവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്‌ കോൺഗ്രസ്‌ നേതാക്കളെ മുഴുവൻ ലൈംഗികാരോപണങ്ങളാൽ അടച്ചാക്ഷേപിക്കുന്ന സോഷ്യൽ മീഡിയയിലെ ന്യൂജെൻ ഗോപാലസേനക്കാരിലൊരാൾക്ക്‌ ഞാൻ അതേ നാണയത്തിൽ നൽകിയ മറുപടിയിലെ രാഷ്ട്രീയ ശരിതെറ്റുകളേക്കുറിച്ചുള്ള ചർച്ചകളും വിമർശനങ്ങളും നടക്കട്ടെ. എന്നെ തിരുത്താൻ എന്റെ പാർട്ടിക്കും കേരളീയ പൊതുസമൂഹത്തിനും അർഹതയുണ്ട്‌. പക്ഷേ ഇക്കാര്യത്തിൽ മറ്റാരിൽ നിന്ന് പാഠമുൾക്കൊണ്ടാലും താങ്കളിൽ നിന്നോ സിപിഎമ്മിൽ നിന്നോ അത്‌ സാധ്യമാവുമെന്ന് തോന്നുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments