Palakkad Vaishnavi Death: വൈഷ്ണവിയുടെ കൊലപാതകം; ഭർത്താവിനെ കുരുക്കിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിർണായക വിവരം, ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി
ബെഡ്ഷീറ്റ് അമർത്തിയാണ് ദീക്ഷിത് പ്രിയതമയുടെ ജീവനെടുത്തത്.
പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കാട്ടുകുളം സ്വദേശി വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെഡ്ഷീറ്റ് അമർത്തിയാണ് ദീക്ഷിത് പ്രിയതമയുടെ ജീവനെടുത്തത്.
ഒന്നരവർഷം മുൻപായിരുന്നു വൈഷ്ണവിയുടെയും ദീക്ഷിതിൻറെയും വിവാഹം. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി നൽകിയിരിക്കുന്ന മൊഴി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. വൈഷ്ണവി അവശനിലയിലെന്നു പറഞ്ഞ് പെരിന്തൽമണ്ണയിലുള്ള പെൺകുട്ടിയുടെ അച്ഛനെ പ്രതി വിളിച്ച് വരുത്തുകയായിരുന്നു. ഉടൻ മാങ്ങോടുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
വെള്ളിയാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കേസിലെ ട്വിസ്റ്റ്. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്നായിരുന്നു വൈഷ്ണവിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്ന മരണകാരണം.
ഇതോടെ പൊലീസ് കൊലപാതകമെന്ന നിലയിൽ കേസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ദീക്ഷിതിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിച്ചു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം പ്രതിക്ക് ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഫോറൻസിക് സംഘം ദീക്ഷിതിൻറെ വീട്ടിൽ പരിശോധന നടത്തി.