തിരുവനന്തപുരം : കേരളത്തിന് വിഷുക്കൈനീട്ടമായി ലഭിച്ച തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് ആദ്യ ആറു ദിവസത്തിനുള്ളിൽ 2.7 കോടിയുടെ വരുമാനം നേടി. ഏപ്രിൽ 28 മുതൽ മേയ് മൂന്നു വരെയുള്ള കണക്കാണിത്.
ഇതിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ 1.17 കോടിയാണ് നേടിയത്. ഇക്കാലയളവിൽ ഇതിൽ യാത്ര ചെയ്തത് 27000 പേരാണ്. 31412 ബുക്കിംഗും ഉണ്ടായി. എക്സിക്യൂട്ടീവ് ക്ലാസിനാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. നിലവിലെ കണക്ക് അനുസരിച്ചു മെയ് പതിനാലുവരെയുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞു കഴിഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയാണ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്തത്. നിലവിലെ കണക്കനുസരിച്ചു ട്രെയിനിന് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ ഇരട്ടിയിലേറെ പേരാണ് ബുക്കിംഗിന് ശ്രമിക്കുന്നത്. ആവശ്യത്തിന് യാത്രക്കാർ ഇല്ലെങ്കിൽ നിലവിലെ കോച്ചുകളുടെ എണ്ണം പതിനാറിൽ നിന്ന് എട്ടായി കുറയ്ക്കുമെന്നായിരുന്നു റയിൽവേയുടെ നിലപാട്.
എന്നാൽ നിലവിലെ ഒക്കുപൻസി റേറ്റ് നോക്കുമ്പോൾ രാജ്യത്തെ മറ്റു വന്ദേഭാരത് ട്രെയിനുകളിൽ വച്ച് എറ്റവും മുന്നിലാണ് ഈ ട്രെയിൻ. രാജ്യത്തൊട്ടാകെ ഇപ്പോൾ 15 വന്ദേഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം - കാസർകോട് യാത്രക്കൂലി ചെയർ കാറിനു 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസിനു 2880 രൂപയുമാണ്.