വര്‍ധ നാശം വിതച്ച ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായം
വര്‍ധ നാശം വിതച്ച ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
തമിഴ്നാട് - ആന്ധ്ര തീരങ്ങളില്‍ നാശം വിതച്ച വര്‍ധ ചുഴലിക്കാറ്റില്‍ മരിച്ചത് പത്തുപേര്‍. അതേസമയം, വര്‍ധ പിടിച്ചുലച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തിയ ദിവസത്തിനു തൊട്ടടുത്ത ദിവസം ചെന്നൈ ഇന്ന് ശാന്തമാണ്. ഗതാഗതത്തിന് തടസം സൃഷ്‌ടിച്ച് റോഡുകളിലേക്ക് വീണ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മിക്കയിടങ്ങളിലും ആളുകള്‍ സ്വയം സന്നദ്ധരായി മരങ്ങള്‍ മുറിച്ചു മാറ്റുന്നുണ്ട്. നിര്‍ദ്ദേശങ്ങള്‍ നല്കി പൊലീസ് സജീവമാണ്.
അതേസമയം, വൈദ്യുതിബന്ധം പുനസ്ഥാപിച്ചിട്ടില്ല. ബസുകള്‍ ഭാഗികമായി ഓടി തുടങ്ങിയിട്ടുണ്ട്. സ്കൂളുകളും കോളജുകളും ഇന്നും അവധിയാണ്. കാറ്റിലും മഴയിലും സംസ്ഥാനത്ത് പത്തു പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. മതിലിടിഞ്ഞു വീണാണ് മിക്കവര്‍ക്കും ജീവഹാനി ഉണ്ടായത്.
ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ആന്ധ്രയിലേക്ക് നീങ്ങിയെങ്കിലും ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം 24 മണിക്കൂര്‍ കൂടി ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.