ഈ മനുഷ്യന്‍ ഇങ്ങനെ ആഘോഷിക്കപ്പെടേണ്ട ഒരാള്‍ തന്നെയാണ്, എല്ലാ പരിമിതികളോടും പട വെട്ടി വിജയിക്കുന്ന ഒരാളുടെ അതിശയിപ്പിക്കുന്ന ജീവിതമാണിത് - വൈറലാകുന്ന കുറിപ്പ്
ചരിത്ര തീരുമാനത്തിന് തുടക്കമിട്ട മുഖ്യമന്ത്രി ‘ബിഗ് സല്യൂട്ട്’!
ഡെപ്യൂട്ടി കലക്ടർ തസ്തികയിലേക്ക് നിയമനം ലഭിച്ച അംഗപരിമിതൻ കെ അജേഷിനെ അഭിനന്ദിച്ച് സുഹൃത്തും അയൽവായിയുമായ പെണ്‍കുട്ടി. അജേഷ് എന്ന ഡെപ്യൂട്ടി കളക്ടര്‍ പദവിയിലേക്കുള്ള പരിശ്രമിയേക്കാള്‍ ഒരു നല്ല മനുഷ്യനെയാണ് കാവ്യ തുറന്നു കണിക്കുന്നത്. ആഘോഷിക്കപ്പെടേണ്ട വ്യക്തി തന്നെയാണ് അജേഷ് എന്ന് കാവ്യ എടുത്തു പറയുന്നുണ്ട്.
കാവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മറ്റൊരാളുടെ നേട്ടം നമുക്ക് നമ്മുടെ നേട്ടത്തേക്കാൾ സന്തോഷം തരുന്ന അനുഭവം ഉണ്ടോ, എനിക്ക് ഇത് അതിൽ ഒന്നാണ്. എന്റെ നാട്ടിൽ നിന്ന് അയൽപക്കത്ത് നിന്ന് ഒക്കെ ഒരാൾ ഡെപ്യൂട്ടി കളക്ടർ ആകുമ്പോൾ നാട്ടുകാരിക്ക് തോന്നുന്ന വെറും സന്തോഷം അല്ലിത്, എനിക്ക് ഇത് അത്രമേൽ വ്യതിപരമാണ്.
ഇന്നീ നേട്ടത്തിന് അർഹനായ വ്യക്തി, എന്റെ ജീവിതത്തിൽ അച്ഛനും അമ്മക്കും ശേഷം , പഠനം പൂർത്തിയാക്കുന്നതിന് ഏറ്റവും സഹായിച്ച, സാമ്പത്തികമായും അല്ലാതെയും, ഒരാളാണ് .അങ്ങനെ എനിക്ക് ജീവിതത്തിൽ ഒരു ബന്ധം പോലും പറയാൻ ഇല്ലഞ്ഞിട്ടും ചേർത്ത് നിർത്തിയ ആൾക്കാർ മൂന്ന് പേരാണ്, അതിൽ ഒരാൾ, ജീവിതം മുഴുക്കെ ഞാൻ ഓർത്ത് വെക്കും എന്നെനിക്ക് ഉറപ്പുള്ള മൂന്നോ നാലോ പേരിൽ ഒരാളാണ് അജേഷേട്ടൻ.
ഇൗ മനുഷ്യൻ എന്നോട് ആദ്യമായി മിണ്ടുന്നത് പത്താം ക്ലാസ് പരീക്ഷക്ക് നല്ല നിലയിൽ പാസ് ആയി നിൽക്കുമ്പോൾ ആണ്, അത് വരെ അജെഷേട്ടന്റെ നേട്ടങ്ങൾ കാഴ്ചക്കാരി ആയി മാത്രം കണ്ട നാട്ടുകാരിൽ ഒരാൾ ആണ്, കാവ്യ നന്നായി പഠിക്കണം എന്ന് ആദ്യമായി അത്ര ആത്മാർഥതയോടെ എന്നോട് മറ്റാരും പറഞ്ഞിട്ടില്ല.
IAS ലക്ഷ്യം വച്ച് പഠിക്കണം എന്നുന്പറഞ്ഞ് ഒരുപാട് പുസ്തകങ്ങൾ എനിക്ക് കൊണ്ട് തന്നിട്ടുണ്ട്, പഠിക്കാൻ എന്ത് അവശ്യം വരുമ്പോഴും സഹായത്തിന് എത്തിയിട്ടുണ്ട്, നല്ലോണം പഠിക്കണം, ഐ എഎസ് കുറഞ്ഞത് ഒന്നും അഗ്രഹ്ക്കരുത് എന്ന് പറഞ്ഞ് 'ശല്യം' ചെയ്തിട്ടുണ്ട്, പുസ്തകങ്ങൾ, കോച്ചിംഗ് ക്ലാസിന് ചേരാൻ സഹായം തുടങ്ങി പറഞാൽ തീരാത്ത സ്നേഹം തന്നിട്ടുണ്ട്, ചിലപ്പോൾ അയാളും ഞാനും കടന്ന് പോയ സാഹചര്യങ്ങൾ തമ്മിൽ അത്രക്ക് ചേർച്ച ഉള്ളത് കൊണ്ടാകും പണം, സാഹചര്യം ഇല്ലായ്മ , ആരും പറഞ്ഞു തരാൻ ഇല്ലാത്തത് തുടങ്ങി താൻ അനുഭവിച്ചത് ഒന്നും ''കഴിവുള്ള' മറ്റൊരാൾക്ക് വിജയം നേടാൻ തടസ്സം ആകരുത് എന്ന നിസ്വാർത്ഥമായ ചിന്ത ആണത്.
എങ്ങനെ ഞാനിതിന് പകരം തരും എന്ന് ചോദിക്കുമ്പോൾ ഒക്കെ മറ്റൊരാൾക്ക് ഇത് പോലെ അവശ്യം വരുമ്പോൾ സഹായിച്ചാൽ മതി എന്ന് പറയാറുണ്ട്, ഇങ്ങനെ പറഞ്ഞ മറ്റൊരാൾ മുരളി മാഷ് ആണ് Kc Muraleedharan. പക്ഷേ ഇദ്ദേഹത്തോട് ഞാൻ നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ ഒരു കുറ്റ ബോധത്തോടെ ഇല്ല എന്നും പറയേണ്ടി വരും
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, ഒരു ബന്ധവും ഇല്ലാത്ത ഒരാളെ നിങ്ങള് എപ്പോൾ എങ്കിലും കൂടെ ചേർത്ത് നിർത്തിട്ടുണ്ടോ, അല്ലെങ്കിൽ നിങ്ങള് അങ്ങനെ ചേർത്ത് നിർത്തപ്പെട്ടിട്ടുണ്ടോ, എങ്കിൽ ഞാൻ ഈ പറയുന്നത് നിങ്ങൾക്ക് മനസിലാകും, എന്തിനാണ് ഈ വാർത്ത വായിക്കുമ്പോൾ കണ്ണ് നിറയുന്നത് എന്ന് മനസ്സിലാകും ((കൂടുതൽ പറയാൻ വയ്യ, ഒരുപാടുണ്ട്, ))
ഇനി, ഒരാൾ ഒരു ജോലി നേടിയ 'വെറും 'കഥ അല്ലിത്, എല്ലാ പരിമിതികളോടും പട വെട്ടി വിജയിക്കുന്ന ഒരാളുടെ അതിശയിപ്പിക്കുന്ന ജീവിതമാണ്. ഈ നേട്ടത്തിൽ ആർക്കെങ്കിലും പങ്ക് പറ്റാൻ ഉണ്ടെങ്കിൽ അത് അജേശേട്ടന്റെ അമ്മക്ക് മാത്രമാണ്,she was such a strong woman, രണ്ട് മക്കളെ 'മുണ്ട് മുറുക്കി ഉടുത്തു '' വളർത്തി വലുതാക്കിയ ഒരാളാണ് അവർ, ബഹുമാനം തോന്നിയ സ്ത്രീ,
അതോടൊപ്പം തന്നെ അംഗപരിമിതർക്ക് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ നിയമനം നൽകണം എന്ന ഉത്തരവ് ആദ്യമായി സംസ്ഥാനത്ത് നടപ്പിലാക്കിയ സർക്കാരിനു അഭിവാദ്യങ്ങൾ. അജേഷ് ഏട്ടൻ തന്നെ പറഞ്ഞത് അനുസരിച്ച് പലരും ഉദ്യോഗസ്ഥ തലത്തിലും അല്ലാതെയും നിയമനം നടപ്പിലാക്കുന്നത് തടയാൻ ശ്രമിച്ചിരുന്നു, കോടതി ഉത്തരവ് പോലും നഗ്നമായി ലംഘിക്കപ്പെട്ടു, അന്ന് മുഖ്യ മന്ത്രി നേരിട്ട് ഇടപെടൽ നടത്തിയതായി പറഞ്ഞത് ഓർമ്മയുണ്ട്, നിയമപരമായി ന്യായമായ കാര്യം ആയതിനാൽ എന്തായാലും നിയമനം നടത്തണം എന്ന് നേരിട്ട് നിർദേശം കൊടുത്തു.
ചുവപ്പ് നാടയിൽ കുടുങ്ങി കാലങ്ങൾ കടന്നു പോകുമായിരുന്ന ഒരു ഫയലിന് മോക്ഷം നൽകി ചരിത്രപരമായ ഒരു തീരുമാനത്തിന് തുടക്കമിട്ട കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു നാട്ടുകാരിയുടെ നിറഞ്ഞ സ്നേഹം. 18 വയസ്സ് മുതൽ എഴുതിയ എല്ലാ മത്സര പരീക്ഷകളും സ്വയം പഠിച്ച് എഴുതി ജയിക്കുന്ന ഒരാൾ, വില്ലേജ് ഓഫീസ്, കലക്ട്രേട്ട്, സെക്രട്ടേറിയട്ട്, ഇപ്പൊ ഡെപ്യൂട്ടി കളക്ടർ,
....
അഭിമാനമാണ്,
നിറഞ്ഞ സന്തോഷം