മന്ത്രിസഭാ യോഗം ഇന്ന്; വിഎസിന്റെ പദവിയും പുതിയ ഡിജിപി നിയമനവും ചര്‍ച്ചയാകും
വിഎസിന് പദവി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു
വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് വിഷയത്തില്‍ തീരുമാനമെടുക്കുക. മന്ത്രിസഭായോഗത്തിന് ശേഷം വിഎസുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.
വിഎസിന് പദവി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. കാബിനറ്റ് റാങ്കോടെ അനുയോജ്യമായ പദവി നല്‍കാന്‍ സിപിഎം പോളിറ്റ് ബ്യൂറോയും തീരുമാനിച്ചിരുന്നു. അതേസമയം, കാബിനറ്റ് റാങ്കോടെ പദവി നല്‍കിയാല്‍ ഇരട്ട പദവി പ്രശ്‌നം ഉണ്ടാകുമോ എന്ന ഭയവും പാര്‍ട്ടിക്കുണ്ട്. അതിനാല്‍ നിയമോപദേശം തേടിയ ശേഷമയിരിക്കും പദവിയില്‍ വ്യക്തതയുണ്ടാക്കുക.
വിഎസിന് പദവി നല്‍കുമ്പോള്‍ പിണറായി സര്‍ക്കാറില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടി ഇല്ലാതാക്കുന്ന രീതിയിലായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക. പുതിയ ഡിജിപി നിയമനവും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയാകും.