Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഎസിനെ നൈസായിട്ട് ഒതുക്കും; അധികാരമോഹിയെന്ന് വരുത്തി തീ‍ര്‍ത്തത് പാര്‍ട്ടി തന്നെ- സമ്മര്‍ദ്ദത്തിലായ വിഎസ് ഒരു പദവിയും സ്വീകരിച്ചേക്കില്ല!

സമ്മര്‍ദ്ദത്തിലായ വിഎസ് പാര്‍ട്ടി നല്‍കുന്ന സ്ഥാനമാനങ്ങള്‍ സ്വീകരിക്കില്ല എന്നാണ് സൂചന

വിഎസിനെ നൈസായിട്ട് ഒതുക്കും; അധികാരമോഹിയെന്ന് വരുത്തി തീ‍ര്‍ത്തത് പാര്‍ട്ടി തന്നെ- സമ്മര്‍ദ്ദത്തിലായ വിഎസ് ഒരു പദവിയും സ്വീകരിച്ചേക്കില്ല!
ന്യൂഡഹി/തിരുവനന്തപുരം , വെള്ളി, 27 മെയ് 2016 (15:11 IST)
പുതിയ പദവികള്‍ സംബന്ധിച്ച് തനിക്ക് കുറിപ്പ് നല്‍കിയത് വിഎസ് അച്യുതാനന്ദൻ ആണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി വ്യക്തമാക്കിയതോടെ സമ്മര്‍ദ്ദത്തിലായ വിഎസ് പാര്‍ട്ടി സമ്മാനിച്ചേക്കാവുന്ന പദവികള്‍ സ്വീകരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഒരു കുറിപ്പ് വിഎസ് തനിക്ക് കൈമാറിയിരുന്നതായി യെച്ചൂരി വ്യക്തമാക്കിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കുറിപ്പ് നല്‍കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങള്‍ ആഘോഷിച്ചതോടെ വാര്‍ത്തകള്‍ ദേശീയതലത്തിലും പ്രാധാന്യം നേടി. ഇതോടെ സമ്മര്‍ദ്ദത്തിലായ വിഎസ് പാര്‍ട്ടി നല്‍കുന്ന സ്ഥാനമാനങ്ങള്‍ സ്വീകരിക്കില്ല എന്നാണ് പുറത്തുവരുന്ന സൂചന.

താന്‍ അധികാര മോഹിയല്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ വിഎസ് ആവശ്യങ്ങള്‍ ഉന്നയിച്ച് യെച്ചൂരിക്ക് കുറിപ്പ് നല്‍കിയത് തിരിച്ചടിയായി. സ്ഥാനമാനങ്ങള്‍ ചോദിച്ചുവാങ്ങിയെന്ന നാണക്കേട് പിടികൂടുമെന്ന തോന്നലിനെ തുടര്‍ന്നാണ് അദ്ദേഹം പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ സാഹചര്യത്തില്‍ വി എസിന് ഉണ്ടായിരുന്ന മേല്‍ക്കൈ നഷ്‌ടമായി. അതിനാല്‍ പാര്‍ട്ടി നല്‍കുമെന്ന് പറഞ്ഞിരുന്ന സ്ഥാനമാനങ്ങളുടെ കാര്യത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വരും.

വിഎസിനുള്ള പദവികള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ പിബി യോഗത്തില്‍ പാസായാലും സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കേണ്ടതുണ്ട്. അതിനൊപ്പം അദ്ദേഹത്തിന് കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകനായി ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍ നിയമ ഭേദഗതി എന്ന കടമ്പ കൂടി കടക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ ഭേദഗതി അവതരിപ്പിച്ച് പാസാക്കി എടുക്കാമെങ്കിലും നിയമന തീരുമാനം ഇതുവരെ ഉണ്ടാകാത്തത് നടപടികള്‍ സ്വീകരിക്കുന്നത് വൈകുന്നതിന് കാരണമാകും. ഓര്‍ഡിനന്‍‌സ് ഇറക്കുകമാത്രമാണ് മറ്റൊരു വഴി. എന്നാല്‍, ആനുകൂല്യങ്ങള്‍ ഒന്നും സ്വീകരിക്കാതെ പദവി മാത്രമാണ് സ്വീകരിക്കുന്നതെങ്കില്‍ വി എസിനായി ചട്ടങ്ങള്‍ ദേദഗതി ചെയ്യേണ്ട ആവശ്യമില്ല. അതിനാല്‍ പദവി ചര്‍ച്ചകള്‍ സജീവമായാല്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് തുടക്കമാകുമെന്ന് വ്യക്തമാണ്.

അതേസമയം, വിഎസിന്റെ ഈ ആവശ്യങ്ങള്‍ സാധിച്ചു നല്‍കിയാല്‍ അദ്ദേഹം പിണറായി സര്‍ക്കാരില്‍ പിടുമുറുക്കുമെന്ന ഭയം മൂലമാണ് കുറിപ്പ് തന്നത് വിഎസ് ആണെന്ന് യെച്ചൂരി പരസ്യമായി വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സർക്കാരിന്‍റെ ഉപദേശകൻ, ക്യാമ്പിനറ്റ് പദവിയോടെ ഇടതു മുന്നണി അധ്യക്ഷപദം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം എന്നീ ആവശ്യങ്ങളാണ് വിഎസ് നല്‍കിയ കുറിപ്പില്‍ പറയുന്നത്.

വിഎസിന് സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന് പാര്‍ട്ടി പറയുമ്പോഴും എന്തു പദവിയാണ് നല്‍കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ അദ്ദേഹം എടുക്കുന്ന നിലപാടുകള്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന ഭയവും സംസ്ഥാനഘടകത്തിനും കേന്ദ്ര ഘടകത്തിനുമുണ്ട്. വിഎസിന്റ് വിലപേശലും അദ്ദേഹത്തിന് മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും അവസാനിപ്പിക്കാന്‍ ലഭിച്ച അനുകൂല സാഹചര്യം യെച്ചൂരി മുതലാക്കിയതാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

പിണറായിയും വിഎസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും അവസാനിക്കാത്ത സാഹചര്യത്തില്‍ ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സിപിഎമ്മിനെ അത് ദേശിയതലത്തില്‍ ബാധിക്കും. ദേശിയ തലത്തില്‍ പാര്‍ട്ടി തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സുഗമമായി ഭരണം നടക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വിഎസ് പിണറായി പോര് ഇല്ലാതാകണം. വിഎസിന് ക്യാമ്പിനറ്റ് റാങ്കോടെ അധികാരങ്ങള്‍ നല്‍കിയാല്‍ അദ്ദേഹം ഒരു വിമര്‍ശകന്‍ ആയി മാറുമോ എന്ന ഭയവും കേന്ദ്ര കമ്മിറ്റിക്കുണ്ട്. ഇതിനാല്‍ വിഎസിന്റെ ശക്തി കുറയ്‌ക്കാന്‍ ലഭിച്ച ഈ അവസരം യെച്ചൂരി ഫലപ്രദമായി വിനയോഗിച്ചുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രി മന്ദിരങ്ങളിൽ തീരുമാനമായി ; നിമിത്തം കെട്ടതെന്ന് പറഞ്ഞ് പലരും പടിക്ക് പുറത്ത് നിർത്തിയ മൻ‌മോഹൻ ബംഗ്ലാവ് തോമസ് ഐസകിന്