ജനഹൃദയങ്ങളിലുള്ള സ്ഥാനം പുരസ്‌കാരങ്ങളെക്കാള്‍ വലുത്; വി.എസ്.അച്യുതാനന്ദന്റെ പത്മവിഭൂഷണ്‍ സ്വീകരിക്കില്ല
പുരസ്‌കാരം വി.എസിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നെന്നും അദ്ദേഹത്തിനു ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്നും അരുണ്‍ കുമാര്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ല. മകന്‍ വി.എ.അരുണ്‍ കുമാര്‍ ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടിനൊപ്പം നില്‍ക്കാന്‍ വി.എസിന്റെ കുടുംബം തീരുമാനിച്ചു.
പുരസ്‌കാരം വി.എസിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നെന്നും അദ്ദേഹത്തിനു ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. മരണാനന്തര ബഹുമതിയായാണ് വി.എസിനു പത്മവിഭൂഷണ്‍ നല്‍കിയത്. നേരത്തെ സിവിലിയന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച സിപിഎം നേതാക്കളെല്ലാം അത് നിഷേധിച്ചിരുന്നു. വി.എസിന്റെ കാര്യത്തില്‍ കുടുംബം എന്ത് നിലപാട് സ്വീകരിക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്നാണ് സിപിഎം അറിയിച്ചിരുന്നത്.
അരുണ്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ 'പത്മവിഭൂഷണ്‍' അന്തരിച്ച എന്റെ പിതാവ് വി.എസ്.അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.
ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും ഞങ്ങള്‍ക്ക് വലിയ കരുത്താണ്. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.
എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം.
വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹവായ്പുകള്‍ക്ക് നന്ദി.