വിഎസിന്റെ നിര്‍ദേശം പാര്‍ട്ടി തള്ളി; ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫിസ് ഐഎംജിയില്‍ത്തന്നെ മതിയെന്ന് മുഖ്യമന്ത്രി
വിഎസിന്റെ ഓഫീസ് ഐഎംജിയില്‍ത്തന്നെ മതിയെന്ന് മുഖ്യമന്ത്രി
ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് ഐഎംജിയില്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റില്‍ ഓഫീസ് നല്‍കുന്ന കാര്യവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ അഭിപ്രായമാരാഞ്ഞിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും ഐഎംജിയില്‍ ഓഫീസ് തയ്യാറാക്കുന്നതിനായി 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്.
സെക്രട്ടറിയേറ്റ് അനക്‌സിലോ അല്ലെങ്കില്‍ സെക്രട്ടറിയേറ്റിലോ ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് വേണമെന്ന വി എസ് അച്യുതാനന്ദന്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം നേരത്തെ തന്നെ മന്ത്രിസഭ തള്ളി. ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് ഐഎംജിയില്‍ അനുവദിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഓഫീസ് അനുവദിക്കുന്നത് സംബന്ധിച്ച് വി എസ് ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഓഫീസ് ഐഎംജിയിലേയ്ക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.