ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിനു സമീപത്തു നിന്ന് നാല് ലക്ഷം രൂപ കണ്ടെടുത്തു
ദുരന്തത്തില്‍ അകപ്പെട്ടവരുടെ നിരവധി പേരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിരുന്നു
വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന് സമീപത്തു നിന്ന് പണം കണ്ടെടുത്തു. സ്‌കൂളിനു സമീപമുള്ള പുഴക്കരയില്‍ നിന്ന് തെരച്ചിലിനിടെയാണ് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പണം കണ്ടെത്തിയത്. നാല് ലക്ഷത്തോളം രൂപയാണ് ഇവിടെനിന്നും കണ്ടെടുത്തത്. അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
സ്‌കൂളിന്റെ പിറകില്‍ നിന്നുമാണ് പണം കണ്ടെത്തിയതെന്ന് ഫയര്‍ ഓഫീസര്‍ റജീഷ് പറഞ്ഞു. അഞ്ഞൂറിന്റെ ഏഴ് കെട്ടുകളും നൂറിന്റെ അഞ്ച് കെട്ടുമാണ് ഉള്ളത്. പണം പിന്നീട് പൊലീസിന് കൈമാറി.
ദുരന്തത്തില്‍ അകപ്പെട്ടവരുടെ നിരവധി പേരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും വീട്ടില്‍ സൂക്ഷിച്ചിരുന്ന പണമായിരിക്കാം കണ്ടെടുത്തതെന്നാണ് സംശയിക്കുന്നത്.