Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുരളീധരന്റെ വിമർശനങ്ങളെ പോസിറ്റീവായി കാണുന്നു: രമേശ് ചെന്നിത്തല

''മുരളീധരൻ പറഞ്ഞത് അങ്ങനെയല്ല'' - രമേശ് ചെ‌ന്നിത്തല

മുരളീധരന്റെ വിമർശനങ്ങളെ പോസിറ്റീവായി കാണുന്നു: രമേശ് ചെന്നിത്തല
, ചൊവ്വ, 27 ഡിസം‌ബര്‍ 2016 (16:30 IST)
കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച കെ മുരളീധരനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുരളീധരന്റെ വിമർശനങ്ങളെ പോസിറ്റീവായി കാണുന്നു. യു ഡി എഫ് കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ് മുരളീധരൻ ഉദ്ദേശിച്ചതെന്ന് ചെന്നിത്തല പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
 
മുരളീധരൻ തന്‍റെ അടുത്ത സുഹൃത്താണ്. മുൻ കെ പി സി സി പ്രസിഡന്‍റും മുതിർന്ന നേതാവും കൂടിയാണ്. പ്രതിപക്ഷം കൂടുതല്‍ സജീവ സമരങ്ങളുമായി വരണമെന്ന ആത്മവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. അദ്ദേത്തിന്റെ വികാരത്തെ ഞങ്ങള്‍ മാനിക്കുന്നു. അല്ലാതെ അതിന് മറിച്ചൊരു നിറം നല്‍കുന്നത് ശരിയല്ല. സുധീരനും ഉമ്മൻചാണ്ടിയും താനും മൂന്നു വഴിക്കല്ല പോകുന്നത്. ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട് അത്രയേ ഉള്ളൂ. 
 
യു ഡി എഫിന്‍റെ പ്രവർത്തനരീതി എൽ ഡി എഫിൽ നിന്നു വ്യത്യസ്തമാണ്. അഞ്ചേരി ബേബി കൊലക്കേസിൽ പ്രതിയായ വൈദ്യുതി മന്ത്രി എം എം മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മണി രാജിവയ്ക്കണമെന്ന് വിഎസ് അച്യുതാനന്ദൻ വരെ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ മണിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റേത്. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം.
 
മണി എത്രയും പെട്ടെന്ന് രാജിവയ്ക്കുന്നതാണ് ഉചിതം. അല്ലെങ്കിൽ മന്ത്രിയെ പുറത്താക്കണം. കൊലപാതക കേസിൽ ഉൾപ്പെട്ട ഒരാൾ മന്ത്രി സ്ഥാനത്ത് തുടരുന്നത് ധാർമിക നിലപാടിന് ചേരുന്നതല്ല. രാജിവച്ചില്ലെങ്കിൽ മണിക്കെതിരെ യുഡിഎഫ് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകും. യു ഡി എഫ് യോഗം ജനുവരി 3ന് തിരുവനന്തപുരത്ത് ചേരും. കൂടുതൽ സമര പരിപാടികൾ അവിടെ തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് അസാധുവാക്കിയ നടപടിയിലൂടെ ഭീകരവാദവും അധോലോകവും തകർന്നു: നരേന്ദ്രമോദി