Who is Atlas Ramachandran: ബാങ്ക് ജോലി കളഞ്ഞ് സ്വര്‍ണ വ്യാപാരത്തിലേക്ക്, ബിസിനസ്സിലെ തകര്‍ച്ചകളെ തുടര്‍ന്ന് ജയില്‍ വാസം; ആരാണ് അറ്റ്‌ലസ് രാമചന്ദ്രന്‍
കോടികളുടെ കടബാധ്യതയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ രാമചന്ദ്രന് നിയമപരമായ തടസ്സങ്ങള്‍ ഉണ്ടായിരുന്നു
Who is Atlas Ramachandran: 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകത്തിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന മുഖമാണ് അറ്റ്‌ലസ് രാമചന്ദ്രന്റേത്. ആരെയും അസൂയപ്പെടുത്തുന്ന രീതിയില്‍ സാമ്പത്തികമായി വളരുകയും പിന്നീട് ബിസിനസ് രംഗത്തെ തകര്‍ച്ചയില്‍ അടിതെറ്റി താഴെവീഴുകയും അതില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു രാമചന്ദ്രന്റെ നിര്യാണം.
തൃശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി കോം പാസായ ശേഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തു. കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സ്വര്‍ണ വ്യാപാരത്തിലേക്ക് എത്തുന്നത്. കുവൈറ്റില്‍ ആറ് ഷോറൂമുകള്‍ ആരംഭിച്ചു. എന്നാല്‍ 1990 ല്‍ ഓഗസ്റ്റ് 2 ന് സദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതോടെ എല്ലാം കൊള്ളയടിക്കപ്പെട്ടു. പിന്നീടാണ് രാമചന്ദ്രന്‍ ദുബായിലെത്തുന്നതും അവിടെ ആദ്യ ഷോറൂം തുറക്കുന്നതും. പിന്നീട് 19 ഷോറൂമുകള്‍ വരെയായി. മറ്റു രാജ്യങ്ങളിലേക്കും വ്യപാരം നീട്ടി. മൂന്നു പതിറ്റാണ്ടു മുന്‍പ് ആരംഭിച്ച അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ കൂടാതെ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ അന്‍പതോളം ശാഖകളുണ്ടായിരുന്നു. കേരളത്തിലും ശാഖകളുണ്ടായിരുന്നു.
2015 ലാണ് രാമചന്ദ്രന് ബിസിനസ് രംഗത്ത് അടിതെറ്റി തുടങ്ങുന്നത്. ചില ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പകളാണ് തിരിച്ചടിയായത്. 2015 ആഗസ്റ്റ് 23 ന് ഇതിനായി ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം കസ്റ്റഡിയിലായി. പിന്നീട് ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നു. നിയമപോരാട്ടങ്ങള്‍ക്കും ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ക്കും ഒടുവില്‍ രണ്ടേ മുക്കാല്‍ വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം പിന്നീട് പുറം ലോകം കാണുന്നത്. അപ്പോഴേക്കും മിക്കവാറും സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു. മസ്‌കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു തല്‍ക്കാലം ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീര്‍ത്തത്.
കോടികളുടെ കടബാധ്യതയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ രാമചന്ദ്രന് നിയമപരമായ തടസ്സങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തം നാട്ടിലേക്ക് വരാന്‍ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. ബിസിനസ് രംഗത്ത് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കാര്യമായി ഫലം കണ്ടില്ല. ഒടുവില്‍ ജീവിതത്തില്‍ നിന്നുള്ള അപ്രതീക്ഷിത വിടവാങ്ങലും !