Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഐയെ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചു, കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഭാര്യ

സിഐയെ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചു, കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഭാര്യ
കൊച്ചി , വെള്ളി, 14 ജൂണ്‍ 2019 (16:04 IST)
ഭർത്താവിനെ ഉയർന്ന ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നതായി കാണാതായ എറണാകുളം   സെന്‍ട്രല്‍ സിഐ വിഎസ് നവാസിന്‍റെ ഭാര്യ ആരിഫ.

കള്ളക്കേസുകള്‍ എടുക്കാന്‍ മേലുദ്യോഗസ്ഥൻ നിര്‍ബന്ധിച്ചു. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണ് നവാസ് നാട് വിടാന്‍ കാരണമായത്. എസിപി പി എസ് സുരേഷ് കുമാർ വയർലസിലൂടെ അദ്ദേഹത്തെ അധിക്ഷേപിച്ചു. ഈ മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി കേസ് എടുക്കണമെന്നും ഭാര്യ കൂട്ടിച്ചേർത്തു.

ഭർത്താവിനെ കാണാതായപ്പോൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിരുന്നു. മറുപടി ഒന്നും ഇല്ലാതിരുന്നപ്പോഴാണ് പരാതി കൊടുത്തത്. എന്നാല്‍ കൃത്യമായ മറുപടി ലഭിച്ചില്ല.

കാണാതാകുന്നതിനു തലേ ദിവസം രാത്രി വന്നപ്പോൾ വാഹനത്തിൽ നിന്നു ഫോൺ എടുത്തിരുന്നില്ല. താനാണ് ഫോൺ എടുത്തു കൊടുത്തത്. അതു കഴിഞ്ഞ് രാത്രി യൂണിഫോം ധരിച്ച് പോയിട്ട് തിരിച്ചെത്തുന്നത് രാവിലെ നാലു മണിക്കാണ്.

മടങ്ങി വന്നപ്പോള്‍ എന്തു പറ്റി എന്ന് ഞാന്‍ ചോദിച്ചു. എസിയുമായി വയർലസിലൂടെ ഉണ്ടായ വിഷയത്തില്‍ ഒരുപാട് വഴക്കു കേട്ടു, നീ ഇപ്പോൾ ഒന്നും ചോദിക്കരുത് എന്നും പറഞ്ഞ് കൂടെ വന്നു കിടന്നു. വിഷമിപ്പിക്കാതിരിക്കാൻ ഉറങ്ങി എഴുന്നേറ്റിട്ട് കാര്യങ്ങൾ ചോദിക്കാമെന്നാണ് വിചാരിച്ചത്. പുലര്‍ച്ചയോടെ ഹാളില്‍ പോയി ടിവി വച്ചു. അതിന് ശേഷമാണ് ആളെ കാണാതായതെന്നും നവാസിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

പത്ത് ദിവസത്തേക്ക് എങ്ങോട്ടെങ്കിലും മാറി നില്‍ക്കുമെന്ന് സഹപ്രവര്‍ത്തകരില്‍ ഒരാളോട് നവാസ് പറ‌ഞ്ഞിരുന്നതായി സൂചനയുണ്ട്. ചില ദര്‍ഗ്ഗകളിലും മറ്റും നവാസ് പോകാറുണ്ടായിരുന്നുവെന്ന സൂചനയെ തുടര്‍ന്ന് അവിടങ്ങളിലും അന്വേഷണം തുടരുകയാണ്.

നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. സിഐ സംസ്ഥാനത്തനത്തുണ്ട്. നാലു ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ഡിസിപി പൂങ്കുഴലി വ്യക്തമാക്കി.

അതേസമയം, ഇന്നലെ രാവിലെ തേവര എടിഎമ്മിലെത്തി നവാസ് പണമെടുക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ടീഷര്‍ട്ടും പാന്റ്സുമാണ് വേഷം. എടിഎമ്മില്‍ രണ്ടര മിനിറ്റ് ചെലവിട്ടു. 10,000 രൂപ ഇവിടെ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തി. പുലർച്ചെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് തേവര എടിഎമ്മിലെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3 കോടിയോളം തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടി, കണക്കിൽ വെറും 35 ലക്ഷം! - കെ സുരേന്ദ്രൻ വെട്ടിച്ചത് കോടികൾ?