പരിശോധനയ്ക്കും തുടര്‍ചികിത്സയ്ക്കുമായി എത്തിയപ്പോള്‍ ഡോക്ടര്‍ നല്‍കിയത് ഗർഭച്ഛിദ്രത്തിന്‍റെ ഗുളിക; പരാതിയുമായി യുവതി
കായംകുളം കൃഷ്ണപുരം ജെ ജെ ആശുപത്രിക്കെതിരെയാണ് കായംകുളം സ്വദേശിനിയായ ഫാത്തിമയുടെ പരാതി.
ചികിത്സയ്ക്ക് എത്തിയവരുടെ അനുമതി ഇല്ലാതെ ഡോക്ടർ ഗർഭച്ഛിദ്രം നടത്തിയതായി പരാതി. കായംകുളം കൃഷ്ണപുരം ജെ ജെ ആശുപത്രിക്കെതിരെയാണ് കായംകുളം സ്വദേശിനിയായ ഫാത്തിമയുടെ പരാതി. ചികിത്സയില്‍ തനിക്ക് വീഴ്‍ച പറ്റിയെന്ന് ഡോക്ടർ സമ്മതിക്കുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങളടക്കം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പക്ഷെ യുവതിയുടെ ആരോപണം ഡോക്ടര്‍ നിഷേധിച്ചു .ഗര്‍ഭ പരിശോധനയ്ക്കും തുടര്‍ന്നുള്ള ചികിത്സയ്ക്കുമായി എത്തിയപ്പോള്‍ ഗർഭച്ഛിദ്രത്തിന് ഡോക്ടര്‍ ഗുളിക നല്‍കിയെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മാസം പതിനൊന്നിനാണ് ഭര്‍ത്താവുമൊത്ത് യുവതി ആശുപത്രിയിലെത്തിയത്. ഡോക്ടറെ കാണിച്ച ശേഷം ഡോക്ടര്‍ നല്‍കിയ കുറിപ്പടിയുമായി മരുന്ന് വാങ്ങാൻ മെഡിക്കൽ സ്റ്റോറിലെത്തിയപ്പോഴാണ് ഗർഭച്ഛിദ്രത്തിനുള്ള മരുന്നാണ് ഡോക്ടര്‍ നല്‍കിയതെന്ന് ബോധ്യപ്പെട്ടതെന്ന് യുവതി പറയുന്നു.
പക്ഷെ യുവതി ആവശ്യപ്പെട്ടിട്ടാണ് ഗുളിക നല്‍കിയതെന്നാണ് ഡോക്ടര്‍ നല്‍കുന്ന വിശദീകരണം. മാത്രമല്ല ഈ വിഷയത്തില്‍ യുവതിയും കുടുംബവും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും ഡോക്ടര്‍ ആരോപിക്കുന്നു. ചികിത്സയിലെ പിഴവ് ആരോപിച്ച് ഡോക്ടര്‍ക്കെതിരെ ജൂണ്‍ ആദ്യം യുവതി കായംകുളം പൊലീസിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഈ പരാതിയില്‍ പോലീസ് തുടര്‍ നടപടി എടുക്കുന്നില്ലെന്നാണ് ആരോപണം. യുവതി പറയുന്നത് തെറ്റെന്നും പരാതി ലഭിച്ച അന്ന് തന്നെ നടപടി തുടങ്ങിയെന്നും ചികില്‍സാ പിഴവ് ഉണ്ടോയന്ന് പരിശോധിക്കാൻ മെഡിക്കൽ ബോര്‍ഡ് രൂപീകരിക്കുമെന്നും പോലീസ് അറിയിച്ചു.