വീട്ടമ്മയെ പുലി കടിച്ചു കൊന്നു; വാൽപ്പാറയിൽ ആറുമാസത്തിനിടെ പുലിയിറങ്ങിയത് അഞ്ച് തവണ
വാൽപ്പാറയിൽ വീട്ടമ്മയെ പുലി കടിച്ചു കൊന്നു
Publish Date: Sat, 16 Jun 2018 (10:57 IST)
Updated Date: Sat, 16 Jun 2018 (10:59 IST)
വാൽപ്പാറയിൽ വീട്ടമ്മയെ പുലി കടിച്ചു കൊന്നു. തോട്ടം തൊഴിലാളിയായ വീട്ടമ്മ തുണികഴുകുന്നതിനിടെ പുലി ആക്രമിക്കുകയും തുടർന്ന് പൊന്തക്കാടിലേക്ക് വലിച്ച് കൊണ്ടുപോകുകയുമായിരുന്നു.
കാഞ്ചമാല എസ്‌റ്റേറ്റിൽ താമസക്കാരനായ മതിയുടെ ഭാര്യ കൈലാസം (45) ആണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൈലാസം വീട്ടിലേക്ക് തിരിച്ചെത്താൻ വൈകൊയതോടെ വീട്ടുകാർ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന്, അലക്കുകല്ലിനടുത്ത് ചോരത്തുള്ളികൾ കാണുകയും അത് പിന്തുടർന്ന് പോയപ്പോൾ മൃതദേഹം ലഭിക്കുകയും ചെയ്‌തു.
കഴുത്തില്‍ കടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവും നെഞ്ചത്തും മുഖത്തും പുലി മാന്തി കീറിയ മുറിവുകളും മൃതദേഹത്തിനുണ്ട്. ആറുമാസത്തിനിടെ അഞ്ചുതവണയാണ് ഈ പ്രദേശത്ത് പുലി ഇറങ്ങുന്നത്. ലയത്തിനു സമീപത്തുനിന്ന് അമ്പത് മീറ്ററകലെ പൊന്തക്കാടിനുള്ളില്‍നിന്നാണു മൃതദേഹം കണ്ടെത്തിയത്.