ഇന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും പ്രധാനം കണ്ണാണെന്നാണ് ആയുര്‍വേദം പറയുന്നത്. എന്നാല്‍ പൊതുവെ എല്ലാ ഇന്ദ്രിയങ്ങളുടെയും, പ്രത്യേകിച്ച് കണ്ണിന്റെ പരിചരണത്തിന്റെ കാര്യത്തില്‍ സാധാരണയായി ആരും അത്ര ശ്രദ്ധകൊടുക്കാറില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ നേത്രരോഗികളുടെ എണ്ണം പ്രതിവര്‍ഷവും കൂടിക്കൂടി വരുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്.
കണ്ണില്‍ നിന്നു വെള്ളം വരുകയെന്നത് വളരെ സാധാരണയായി കണ്ടുവരാറുള്ള ഒരു രോഗമാണ്. കണ്ണുനീര്‍ ചാലിലുള്ള തടസം, വെള്ളപ്പാടയുടെ രോഗം, കൃഷ്ണമണിയുടെ പ്രശ്‌നം, അലര്‍ജി എന്നിങ്ങനെയുള്ള നിരവധി കാരണങ്ങളാലാണ് ഈ അവസ്ഥയുണ്ടാകുന്നത്. കണ്ണില്‍ നിന്നും തുടര്‍ച്ചയായി വെള്ളം വരുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു കണ്ണുഡോക്ടറെ കാണേണ്ടത് വളരെ അത്യാവശ്യമാണ്.
ഏതൊരു രോഗത്തിന്റേയും കാരണത്തെ ആശ്രയിച്ചാണ് അതിന്റെ ചികിത്സ തീരുമാനിക്കുന്നത്. കണ്ണില്‍ അലര്‍ജിയാണെങ്കില്‍ അത് തുള്ളിമരുന്നുകള്‍ കൊണ്ടു ഭേദമാക്കുവാന്‍ സാധിക്കും. എന്നാല്‍ കണ്ണുനീര്‍ ചാലില്‍ തടസ്സമോ മറ്റോ ആണെങ്കില്‍ ആ തടസം നീക്കുന്നതിനായി ചിലപ്പോള്‍ ചെറിയൊരു ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. അതുകൊണ്ടുതന്നെ ഈ അവസ്ഥ വന്നാല്‍ ഡോക്ടറെ കാണുന്നതാണ് ഏറ്റവും ഉചിതം.
മനസ്സ് ശാന്തമായിരുന്നാല്‍ കണ്ണിന് ഒരു തരത്തിലും അസുഖങ്ങളും വരില്ലെന്നാണ് ആയുര്‍വേദം പറയുന്നത്. കണ്ണിന് ഏറ്റവും നല്ല ഔഷധമാണ് പച്ചവെള്ളം. അതുപോലെ മഴവെള്ളം കണ്ണില്‍ കൊള്ളിക്കുന്നതും നല്ലതാണ്. രാവിലെ എഴുന്നേറ്റ് എണ്ണതേച്ചുള്ള കുളി, ഇടയ്ക്കിടെ മുഖം കഴുകല്‍ എന്നിവയും പല രോഗങ്ങളില്‍ നിന്നും കണ്ണിനെ രക്ഷിക്കും. മുലപ്പാല്‍ കണ്ണിലൊറ്റിക്കുന്നതും വളരെ നല്ലതാണ്.