Select Your Language

Notifications

webdunia
webdunia
webdunia
webdunia

“എന്നിട്ടും നിങ്ങള്‍ പറഞ്ഞുതരുന്നു, പെണ്ണുങ്ങള്‍ എങ്ങനെ നടക്കണമെന്ന് ” - ഹണി ഭാസ്‌ക്കരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വൈറലാകുന്നു

ഓര്‍മ്മയിലുണ്ട് ചില ആണ്‍മുഖങ്ങള്‍

ഹണി ബാസ്‌ക്കരന്‍ ഫേസ്‌ബുക്ക്
തിരുവനന്തപുരം , വെള്ളി, 6 മെയ് 2016 (18:51 IST)
സ്വന്തം കുടുംബത്തിലെ ഒരു അംഗം ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍ മാത്രമെ സ്വയം നമ്മള്‍  തിരുത്താന്‍ തയാറാവാകയുള്ളൂവെന്ന് പ്രശസ്‌ത എഴുത്തുകാരി ഹണി ഭാസ്‌ക്കരന്‍ ഫേസ്‌ബുക്കില്‍. ഓര്‍മ്മയിലുണ്ട് ചില ആണ്‍മുഖങ്ങള്‍ എന്ന തലക്കെട്ടില്‍ ആരംഭിക്കുന്ന പോസ്‌റ്റില്‍ മോശമായ ഒരു നോട്ടത്തിനോ സ്‌പര്‍ശനത്തിനോ ഇരയാകാത്തെ ഒരു പെണ്‍കുട്ടിയും സമൂഹത്തില്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

സ്‌ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടര്‍ച്ചയാകുമ്പോഴും അവരെ എങ്ങിനെ മര്യാദ പഠിപ്പിക്കാം എന്നാണ് സമൂഹം ചിന്തിക്കുന്നതെന്നും അവര്‍ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പറയുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയ്‌ക്ക് നേരെയുണ്ടായ ക്രൂരമായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഹണിയുടെ പോസ്‌റ്റ്.

ഹണി ബാസ്‌ക്കരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ഓര്‍മ്മയിലുണ്ട് ചില ആണ്‍മുഖങ്ങള്‍

പെറ്റിക്കോട്ട് ഇട്ട് നടക്കുന്ന പ്രായത്തില്‍ മില്ലില്‍ അരി പൊടിക്കാന്‍ പോയപ്പോ മില്ലുകാരന്‍ ഇടത്തെ മുലയ്ക്ക് നേരെ വിരല്‍ തൊട്ട് ഉടുപ്പിന്റെ വലതു ഭാഗത്തെ പൂവെന്താ ഇടതു ഭാഗത്ത് ഇല്ലാത്തതെന്ന് ചോദിച്ചത്

പത്രമെടുക്കാന്‍ അയല്പക്കത്തൊരു വീട്ടില്‍ ചെന്നപ്പോ അവിടുത്തെ യുവാവ് കൈപിടിച്ച് വലിച്ചു മുറിയിലേക്ക് തള്ളാന്‍ നോക്കിയത്

സ്കൂള്‍ പരീക്ഷാ കാലത്ത്‌ പഠിക്കാന്‍ റബര്‍തോട്ടത്തില്‍ പോയിരുന്നപ്പോ കൂട്ടുകാരിയുടെ അച്ഛന്‍ അടുത്ത് വന്നിരുന്നു തുടയില്‍ കൈ അമര്‍ത്തിയത്

കോളേജ് വിട്ടു അധികം ആളില്ലാത്ത വഴിയെ നടന്നു പോകുമ്പോള്‍ മൂത്രമൊഴിക്കുന്ന ഇടത്ത്നിന്ന്ചൂളമടിച്ചു അവന്‍റെ സുനയുടെ വലിപ്പം കാണിച്ചത്.

തിരക്കുള്ള ബസ്സില്‍ ഒരു പെണ്‍കുട്ടിയുടെ പിന്നില്‍ നിന്ന് ഒരുത്തന്‍ പാന്റിന്റെ സിബ് അഴിച്ചിട്ട് കാമം പൊട്ടിയൊലിപ്പിക്കുന്ന കാഴ്ച്ച കണ്ട് ആ രാത്രി മുഴുവന്‍ പനിച്ചു പോയത്. ഓര്‍ക്കുമ്പോള്‍ ഒക്കെ ഓക്കാനിച്ചത്.

ഓട്ടോക്കൂലിയുടെ ബാക്കി ചോദിച്ചപ്പോ ഇന്നാ ഇത് വെച്ചോ എന്ന് പറഞ്ഞ് ഓട്ടോക്കാരന്‍ ട്രൌസര്‍ ഊരി കാട്ടിയത്

കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രകളില്‍ സീറ്റിനിടയിലൂടെ പിന്നില്‍ നിന്നും വിരലിട്ട് പുറവും വയറും ഏറ്റു വാങ്ങിയ മൂര്‍ച്ചയുള്ള തോണ്ടലുകള്‍

കോള്‍സ് പാര്‍ക്കിലെ തിരക്കുള്ള റോഡിലൂടെ രാവിലെ ബസ് സ്റ്റോപ്പിലേക്ക് റൂം മേറ്റിന്റെ കയ്യും പിടിച്ചു നടക്കെ അവളുടെ ഇടത്തെ മുലയില്‍പിടിച്ചു ഞരടി ഒരുത്തന്‍ ബൈക്കില്‍ പറന്നു പോയത്.

രണ്ടു ദിവസം കഴിഞ്ഞ് പതിനഞ്ചു വയസുകാരിയായ അവളെ കാണാതെ ആയത്. വൈറ്റ് ഫീല്‍ഡിലെ റോഡരികില്‍ നിന്നും അവളെ കണ്ടെടുത്തത്.

ജോലി കഴിഞ്ഞ് ഹോസ്റ്റലിലെക്ക് മടങ്ങുമ്പോള്‍ മഴയുള്ള ഒരു രാത്രി പിന്നില്‍ നിന്ന് ഒരുത്തന്‍ പൊക്കിയെടുത്ത് വാനില്‍ കേറ്റാന്‍ നോക്കിയപ്പോള്‍ കുതറി ഓടി ഉറുസുലൈന്‍ കോണ്‍വെന്റിന്റെ ഗേറ്റ് തള്ളിതുറന്ന് പരുക്കന്‍ മുറ്റത്തേക്ക്‌ തെറിച്ചു വീണത്‌.

ഫ്രേസര്‍ ടൌണിലെ ആള്‍ത്തിരക്കില്ലാത്ത പാതകളില്‍ കുറുകെ ചാടി വീണ് പല നിറങ്ങളില്‍ കോണ്ടം അണിയിച്ച ലിംഗം കാണിച്ചവര്‍

ജോലി തെണ്ടി നടക്കുന്ന കാലത്ത്, ഒരു രാത്രി കൂടെ കിടന്നാല്‍ ജോലി തരാം എന്ന് പറഞ്ഞവര്‍.

ജോലി കിട്ടിയ കാലത്ത് കിടക്ക പങ്കിട്ടാല്‍ പ്രമോഷന്‍ തരാം എന്ന് സൂചിപ്പിച്ചവര്‍.

എത്ര തന്നെ കരുതലോടെ ഇരുന്നാലും അനുഭവങ്ങള്‍ നീളുകയാണ്... പെണ്ണുങ്ങളുടെ ഉടല്‍ വ്യഭിചരിക്കപ്പെടുകയാണ്.

വാക്കുകള്‍കൊണ്ട്, നോട്ടങ്ങള്‍കൊണ്ട്, പ്രവൃത്തികള്‍ കൊണ്ട് എത്രയെത്ര കയ്യേറ്റങ്ങള്‍ ആണ് ഓരോ പെണ്ണും പിറന്നു വീഴുന്ന ദിവസം മുതല്‍ അനുഭവിക്കുന്നത്...

പക്ഷെ എന്നിട്ടും നമ്മള്‍ ബോധവല്‍ക്കരിക്കുന്നത് പെണ്ണുങ്ങള്‍ എങ്ങനെ നടക്കണമെന്നാണ്. അവരെ എങ്ങിനെ മര്യാദ പഠിപ്പിക്കാം എന്നാണ്.

വീട്ടിലെ ഭാര്യമാരോട്, പെങ്ങന്മാരോട്, പെണ്മക്കളോട് നിങ്ങള്‍ ചോദിച്ചു നോക്കണം ഇത്തരം അധിനിവേശങ്ങളെ കുറിച്ച്. ഉറപ്പിച്ചോളൂ.... ഒരു പെണ്ണ് പോലും ഇത്തരം അനുഭവങ്ങളില്‍ നിന്ന് ഒഴിവായിട്ടുണ്ടാകില്ല... !

നിങ്ങള്‍ സ്വയം തിരുത്താന്‍ തയാറാവാത്ത ഇടത്തോളം ഞങ്ങള്‍ ഇരകളായ് മാറിക്കൊണ്ടേ ഇരിക്കും. പക്ഷേ നിങ്ങളുടെ കുടുംബത്തില്‍ ഒരുവള്‍ ആക്രമിക്കപ്പെടും വരെ മാത്രമേ ആ അഹന്തയ്ക്ക് നീളമുള്ളൂ...!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിമി ടോമിക്കും കോടികളുടെ പണമിട് ?; മഠത്തില്‍ രഘുവിന്റെ വീട്ടിൽ നിന്ന് 11.5 കിലോ സ്വർണം പിടികൂടി, സുപ്രീംകോടതി അഭിഭാഷകനുമായ വിനോദ് കുമാര്‍ നടത്തിയത് 50 കോടിയുടെ ഇടപാട്