ബസില്‍ ലൈംഗികാതിക്രമമെന്ന് ആരോപണത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവം; മോശമായി പെരുമാറിയെന്നതില്‍ ഉറച്ച് യുവതി
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ ബസില്‍ വെച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു
സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്താല്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണത്തില്‍ ഉറച്ച് യുവതി. തനിക്കു മോശം അനുഭവം ഉണ്ടായതുകൊണ്ടാണ് ബസില്‍ വെച്ച് വീഡിയോ ചിത്രീകരിച്ചതെന്ന് യുവതി ആവര്‍ത്തിച്ചു.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ ബസില്‍ വെച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ദീപക്കിനെ ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബസിനുള്ളില്‍ ദീപക് ലൈംഗിക അതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ആരോപിച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടര്‍ന്നു കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊരു മോശം ആരോപണം കേള്‍ക്കാത്ത ആളാണ് ദീപക്കെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം വിഡീയോ ചിത്രീകരിച്ച യുവതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായാണ് ഒരു ടിവി ചാനലിനോട് പ്രതികരിച്ചത്. പയ്യന്നൂരില്‍ രക്തദാനത്തിന് പോകുന്ന വഴിയില്‍ പയ്യന്നൂരില്‍ വച്ചാണ് സംഭവം ഉണ്ടായതെന്നും ആരോപണവിധേയനായ ആള്‍ മറ്റൊരു യുവതിക്കു സമീപം മോശം രീതിയില്‍ പെരുമാറുന്നതായി കണ്ടെന്നും തുടര്‍ന്ന് തന്റെ സമീപമെത്തിയപ്പോള്‍ വിഡിയോ ചിത്രീകരിക്കുക ആയിരുന്നുവെന്നും യുവതി വിശദീകരിച്ചു.