അതെ ആറു തിരിച്ചുവന്നിരിക്കുന്നു, 30 വര്‍ഷങ്ങള്‍ക്ക് ശേഷം! - ഇനി ഇതു നിലനിര്‍ത്തണമെന്ന് ധനമന്ത്രി
ചേലൂര്‍ക്കടവ് പാലത്തിന് മുകളില്‍ നിന്നുള്ള രണ്ട് കാഴ്ചകള്‍! - ചിത്രം പങ്കുവെച്ച് ധനമന്ത്രി
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിറഞ്ഞ് കവിഞ്ഞൊഴുകിയിരുന്ന ആറ് തിരിച്ചു വന്ന സന്തോഷത്തിലാണ് ചേലൂര്‍ക്കടവ് നിവാസികള്‍. വറ്റിയ വരട്ടാറിന്റെ ചിത്രവും ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന വരട്ടാറിന്റെ ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ‘ഇനി ഈ ആറ് സ്ഥായിയായി നിലനിർത്തേണ്ടതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുന്നു.
തോമസ് ഐസകിന്റെ പോസ്റ്റ്:
ചേലൂര്‍ക്കടവ് പാലത്തിന് മുകളില്‍ നിന്നുള്ള രണ്ട് കാഴ്ചകള്‍ - ആദ്യത്തേത്, ഹരിതമിഷന്‍ വൈസ്ചെയര്‍പേഴ്സണ്‍ ഡോ ടി എന്‍ സീമ വരട്ടേ ആര്‍ പ്രസ്ഥാനം രൂപംകൊള്ളുന്നതിനു മുമ്പ് കണ്ട വരട്ടാര്‍. രണ്ടാമത്തെ ചിത്രം: ഇപ്പോള്‍ അതേ സ്ഥലത്തു നിന്നുള്ള കാഴ്ച വരട്ടേ ആര്‍ ഒന്നാംഘട്ടം കഴിഞ്ഞപ്പോള്‍.
മൂന്നാമത്തെ ദൃശ്യം, പുതുക്കുളങ്ങര ചപ്പാത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാതെ പഴയ ഓര്‍മ്മവച്ച് ഓടിച്ചു മുന്നോട്ടുപോയ കാറിന് സംഭവിച്ചത്. ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ല. നാലാമതൊരു ചിത്രം. വഞ്ചിമൂട്ടില്‍ ക്ഷേത്രത്തിന്റെ കടവ്. ഈ ക്ഷേത്രത്തിലെ വിഷു ആചാരങ്ങള്‍ പ്രസിദ്ധമാണ്. വിഷുവിന് പിറ്റേന്ന് വരട്ടാറില്‍ കുളിച്ചിട്ടുവേണം ആള്‍പിണ്ടി വിളക്ക് എടുക്കേണ്ടത്.
ഏതാനും വര്‍ഷമായി ചെമ്പില്‍ ദൂരെ നിന്നും വെള്ളം കൊണ്ടുവന്നു വേണ്ടിയിരുന്നു ഈ ചടങ്ങ് നടത്താന്‍. ഞാന്‍ കാണുമ്പോള്‍ ക്ഷേത്രക്കടവിന് മുന്നിലൂടെ വരട്ടാറിലെ നീര്‍ച്ചാല്‍ അത്രയേറെ മലിനമായിരുന്നു. സന്ദര്‍ശനവേളയില്‍ ഞാന്ന് നിന്ന സ്ഥലത്ത് ഇപ്പോള്‍ ആളുകള്‍ മുങ്ങിക്കുളിക്കുന്നു.
30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നദി എങ്ങനെയാണോ ഒഴുകിയിരുന്നത് അതേ രൂപത്തിലാണ് ഇപ്പോഴത്തെ ഒഴുക്ക്. പുതുക്കുളങ്ങരയിലേത് ഉള്‍പ്പെടെയുള്ള ചപ്പാത്തുകള്‍ പൊളിച്ചതിന്റെ ചെറുപരാതികളും പരിഭവങ്ങളുമൊക്കെ അവിടവിടെ ഉണ്ടെങ്കിലും സ്വന്തം കിണറ്റിലെ വെള്ളം തന്നെ വീട്ടിലെ അടുക്കളയില്‍ ഉപയോഗിക്കാന്‍ കഴിയുന്നൂവെന്നത് അവരെ ഏറെ സന്തോഷിപ്പിക്കുന്നു.
ആറന്‍മുള ഉത്രട്ടാതി ജലമേളയ്ക്ക് മിക്കദിവസങ്ങളിലും വള്ളസദ്യയ്ക്ക് പോകേണ്ടി വരുന്ന കുന്നേക്കാട് പോലുള്ള പള്ളിയോടങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ മണല്‍ നിരത്തി അതിലൂടെ വലിച്ചിഴച്ച് കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. ഇപ്പോള്‍ നദിയുടെ ഒഴുക്കിലൂടെ സുഗമമായി തുഴഞ്ഞു പോകാമ് കഴിയുന്നു.
അതെ ആറു തിരിച്ചുവന്നു. ഇനി ഇത് സ്ഥായിയായി നിലനിര്‍ത്തേണ്ടതിനുള്ള പ്രവര്‍ത്തനങ്ങള്‍.
നടപ്പാതയ്ക്കുള്ള ടെണ്ടർ വിളിച്ചു കഴിഞ്ഞു. താമസിയാതെ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മണ്ണ് നീക്കി ഓരങ്ങൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുന്നതിനുള്ള ടെണ്ടറും വിളിക്കും. അതിനിടയിൽ കാലവർഷം ശുദ്ധീകരിച്ച വരട്ടാർ ഇനി മലിനീകരിക്കപ്പെടില്ല എന്നുള്ളതിനുള്ള ജാഗ്രത ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.