Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ന്യൂസ് 18 സീനിയര്‍ റിപ്പോര്‍ട്ടര്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു

യുവമാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് (33)അന്തരിച്ചു.

കോട്ടയം
കോട്ടയം , ബുധന്‍, 29 ജൂണ്‍ 2016 (07:58 IST)
യുവമാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് (33)അന്തരിച്ചു. ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ സനില്‍ ഫിലിപ്പിന്റെ മരണം വൈക്കത്തെ ഇന്തോ- അമേരിക്കന്‍ ആശുപത്രിയില്‍ വച്ചായിരുന്നു. ന്യൂസ് 18 ടിവി ചാനല്‍ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടറാണ് വണ്ടന്‍പതാല്‍ പുളിക്കച്ചേരില്‍ സനില്‍ഫിലിപ്.
 
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് സനിലിന്റെ മരണം സംഭവിച്ചത്. രണ്ടുദിവസം മുമ്പ് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായും മരുന്നുകളോടു ശരീരം പ്രതികരിക്കാനും തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ രാത്രിയോടെയാണ് സനിലിന്റെ നില അതീവ ഗുരുതരമായി തീര്‍ന്നത്. തുടര്‍ന്ന് ബോധം മറയുകയും ചെയ്തു. തുടര്‍ന്നാണ് ഇന്നു പുലര്‍ച്ചെ അദ്ദേഹം മരണത്തിനു കീഴടങ്ങിയത്.
 
കഴിഞ്ഞ 20ന് മുണ്ടക്കയത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രായിലാണ് വണ്ടന്‍പതാലില്‍ വച്ച്‌ സനില്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് അദ്ദേഹത്തിന് പരുക്കേറ്റത്. അപകടത്തില്‍ സുഷുമ്നാ നാഡിക്കും കഴുത്തിനുമാണ് ഗുരുതര പരുക്കേറ്റിരുന്നത്. അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ് സനിലിന് ആവശ്യമായിരുന്നത്. ചലനശേഷി തിരിച്ചുകിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. സനിലിന്റെ ചികിത്സയ്ക്കായി കോട്ടയം പ്രസ് ക്ലബ് ചികിത്സാസഹായ നിധി രൂപീകരിച്ചിരുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് സഹായങ്ങളും സ്വരൂപിച്ചു വരികയായിരുന്നു. എന്നാല്‍ ഇതിനൊന്നും കാത്തു നില്‍ക്കാതെ സനല്‍ ഈ ലോകത്തോടു വിടപറഞ്ഞു.
 
റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് എന്നീ ടിവി ചാനലുകളിലായി ന്യൂഡല്‍ഹി, കോട്ടയം, ഇടുക്കി, കൊച്ചി എന്നിവിടങ്ങളില്‍ സനല്‍ പ്രവര്‍ത്തിച്ചിരുന്നു. നീണ്ട സൗഹൃദവലയമുള്ള സനലിന്റെ അപ്രതീക്ഷിത വിയോഗം മാധ്യമ ലോകത്തിന് കടുത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. അവിവാഹിതനായ സനില്‍ ഫിലിപ്പിന് രണ്ട് സഹോദരിമാണുള്ളത്. സനിലിന്റെ മൃതദേഹം ഇപ്പോൾ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലാണ്‌. എട്ടുമണിയോടെ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും. അപകട മരണമായതിനാല്‍ പോസ്റ്റ്‌ മോർട്ടം ആവശ്യമാണ്‌. അതിനുശേഷം ഉച്ചയോടെ മൃതദേഹം കോട്ടയം പ്രസ്സ് ക്ലബ്ബില്‍ പൊതുപ്രദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് മുണ്ടക്കയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്കാരം നടക്കുക.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാശ്രയ എൻജിനീയറിങ് പ്രവേശനം: സര്‍ക്കാരും മാനേജ്‌മെന്‍റുകളും കരാറില്‍ ഒപ്പുവച്ചു, മെറിറ്റ് സീറ്റിലെ ഫീസ് ഏകീകരിച്ചു