അവള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല, കാമുകന്‍ എവിടെയാണെന്ന് പോലും അറിയില്ല; സോഷ്യല്‍ മീഡിയ ആഘോഷിച്ച കല്യാണത്തിന്റെ ബാക്കിപത്രം ഇതൊക്കെയാണ്
ആ പെണ്‍കുട്ടിക്ക് 19 വയസ്സ് മാത്രമാണുള്ളത്, കാമുകനും അത്ര തന്നെ.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷിച്ച ഒരു കല്യാണ വാര്‍ത്തയുണ്ട്. ഗുരുവായൂര്‍ അമ്പലത്തിന് മുന്നില്‍ വെച്ച് താലികെട്ട് കഴിഞ്ഞ് വരനെ ഉപേക്ഷിച്ച് വധു കാമുകനൊപ്പം പോയെന്ന വാര്‍ത്ത. സംഭവം പുറത്തറിഞ്ഞതു മുതല്‍ പെണ്‍കുട്ടിക്കെതിരായ രീതിയില്‍ വാര്‍ത്തകളും വന്നു. ഈ സംഭവത്തില്‍ പെണ്‍കുട്ടിയെ വേട്ടയാടുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഷാഹിന.
പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തിനോട് സംസാരിച്ച ശേഷം ഷാഹിന ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് വൈറലാവുകയാണ്. വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാതെ ഒറ്റപ്പെട്ട് കഴിയുകയാണ് പെണ്‍കുട്ടിയും മാതാപിതാക്കളുമെന്ന് ഷാഹിനയുടെ പോസ്റ്റില്‍ പറയുന്നു.
പെണ്‍കുട്ടി കാമുകന്റെ കൂടെപ്പോയി സുഖിക്കുകയല്ല അവള്‍ വീട്ടില്‍ തന്നെയുണ്ട്. പ്രണയമുണ്ടായിരുന്ന കാര്യം വരനോട് ആദ്യം തന്നെ പറയുകയും ചെയ്തിരുന്നു. 19 വയസ് മാത്രമാണ് പെണ്‍കുട്ടിയുടെ പ്രായം, കാമുകനും ഈ പ്രായമേയുള്ളൂ. ഈ കാമുകന്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ലെന്നും. ഇവരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ എല്ലാവര്‍ക്കും സന്തോഷമാകുമോയെന്നും ഷാഹിന പോസ്റ്റിലൂടെ ചോദിക്കുന്നു.