കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വീണ്ടും വഴിത്തിരിവിലേക്ക്. കേസിലെ പ്രതി പൾസർ സുനി നടൻ ദിലീപിന് അയച്ചതെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായി. സുനി മുൻപ് കോടതിയിൽ നൽകിയ പരാതിയിലേയും ഇപ്പോള്‍ പുറത്തുവന്ന കത്തിലേയും കയ്യക്ഷരം വ്യത്യസ്തമാണെന്നും രണ്ടിലേയും ഭാഷയിലും ശൈലിയിലും പ്രകടമായ വ്യത്യാസമുണ്ടെന്നും പൾസർ സുനിയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണകുമാര്‍ പറഞ്ഞു.
സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥിയാണ് ഈ കത്തെഴുതിയതെന്നും സൂചനയുണ്ട്. വിഷ്ണുവിന് കത്ത് കൈമാറിയതും സഹതടവുകാരനായ ഈ വിദ്യാര്‍ത്ഥി തന്നെയാണെന്നാണ് വിവരം. ഏപ്രില്‍ 12ന് എഴുതി സഹതടവുകാരനായ വിഷ്ണുവിന്റെ പക്കല്‍ കൊടുത്തുവിട്ട കത്ത് ഇന്നലെയാണ് പുറത്തുവന്നത്. ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലായിരുന്നു കത്ത് എഴുതിയിരിക്കുന്നത്. തന്നെയും ഒപ്പമുള്ള അഞ്ചുപേരെയും രക്ഷിക്കണമെന്നാണ് കത്തില്‍ സുനി ആവശ്യപ്പെട്ടത്.
പൾസർ സുനി ബ്ലാക്ക്മെയിൽ ചെയ്തുവെന്ന പരാതിയിൽ നടൻ ദിലീപിന്റെയും സംവിധായകൻ നാദിർഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കുമെന്ന അന്വേഷണസംഘം പറഞ്ഞു. ദിലീപിനോടു പറയാനുള്ള കാര്യങ്ങൾ അറിയിക്കാൻ നാദിർഷയുടെ ഫോണിലേക്കാണു വിളികൾ വന്നിരുന്നത്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ഫോണിലും സമാനരീതിയിലുള്ള വിളി വന്നിരുന്നു. എല്ലാം റിക്കോർഡ് ചെയ്തു രണ്ടു മാസം മുൻപുതന്നെ ഡിജിപിക്കു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.