ഈ വീഴ്ചയ്ക്ക് ആര് ഉത്തരം നല്‍കും? ആഭ്യന്തരവകുപ്പ് നിശ്ചലമോ? അര്‍ഹിക്കുന്ന ആദരം കിട്ടാതെ സംസ്ഥാന പൊലീസ് സേന!
കേരളത്തിന് പേരിനുപോലും ഒരു പൊലീസ് മെഡല്‍ ഇല്ല; കാരണം ഐഎഎസ് - ഐപിഎസ് പോരോ?
തങ്ങളുടെ ഭാഗത്ത് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ കേരള പൊലീസിന് ഒരു മെഡല്‍ പോലും ഇല്ല എന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിന് ആഭ്യന്തരവകുപ്പല്ലാതെ മറ്റാരാണ് ഉത്തരവാദിയെന്നാണ് ഏവരും ചോദിക്കുന്നത്.
ബുധനാഴ്ചയാണ് പൊലീസ് മെഡലുകള്‍ പ്രഖ്യാപിക്കുന്നത്. ഒറ്റ മെഡല്‍ പോലും കേരളത്തിനില്ല എന്നതാണ് റിപ്പോര്‍ട്ട്. കൃത്യസമയത്ത് മെഡലിനായുള്ള പട്ടിക സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തരവകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ ആഭ്യന്തരവകുപ്പ് പറയുന്നത് കൃത്യസമയത്തുതന്നെ പട്ടിക സമര്‍പ്പിച്ചിരുന്നു എന്നാണ്. പക്ഷേ, പട്ടിക സമര്‍പ്പിക്കാനുള്ള സമിതി യോഗം ചേരുക പോലും ചെയ്തിട്ടില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഐ എ എസ് - ഐ പി എസ് പോരാണ് ഇതിനുപിന്നിലുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവരടങ്ങുന്ന സമിതിയാണ് പൊലീസ് മെഡലിനായുള്ള പട്ടിക തയ്യാറാക്കി സമര്‍പ്പിക്കേണ്ടത്. എന്നാല്‍ പട്ടിക ഡിസംബര്‍ 31ന് മുമ്പുതന്നെ അയച്ചതാണെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്.
അപ്പോള്‍ പിന്നെ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍ നിന്ന് കേരളം ഒഴിവാക്കപ്പെട്ടതെങ്ങനെ എന്ന ചോദ്യം വീണ്ടും ബാക്കിയാകുന്നു.