എ.ഐ.ടി.യു.സിയുടെ മുപ്പത്തി ഒമ്പതാമത് ദേശീയ സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്നുമുള്ള പതാക-ബാനര്‍-കൊടിമര-ദീപശിഖാ ജാഥകള്‍ വൈകീട്ട് അഞ്ചിന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സംഗമിക്കും.
ഇവിടെ നിന്നും ജാഥകളെ കനകക്കുന്നിലേക്ക് ആനയിക്കും. അവിടെ പതാക ഉയര്‍ത്തും. പതാകഉയര്‍ത്തലിനുശേഷം തിരുനല്ലൂര്‍ കരുണാകരന്‍ നഗറില്‍ (കനകക്കുന്ന് കൊട്ടാരം) നടക്കുന്ന കാവ്യസന്ധ്യയും സാംസ്‌കാരികസംഗമവും പ്രെഫ. ഒ.എന്‍.വി. കുറുപ്പ് ഉദ്‌ഘാടനം ചെയ്യും.
എട്ടുപതിറ്റാണ്ടിലേറെ കാലത്തെ എ.ഐ.ടി.യു.സിയുടെ ചരിത്രവും ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഐതിഹാസിക പോരാട്ടങ്ങളുടെയും അപൂര്‍വ നിമിഷങ്ങള്‍ അനാവരണം ചെയ്യുന്ന ചിത്രപ്രദര്‍ശനവും ഇന്ന് കനകക്കുന്നില്‍ ആരംഭിക്കും. രാവിലെ പത്തരയ്‌ക്ക് നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ് ബേബി പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യും.
സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്ന പതാക കല്ലാട്ട് കൃഷ്‌ണന്‍റെ സ്‌മൃതിമണ്ഡപത്തില്‍ (കോഴിക്കോട്) നിന്നും ബാനര്‍ കോയമ്പത്തൂര്‍ ചിന്നയംപാളയത്തെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും എറണാകുളത്ത് നിന്നുമാണ് കൊണ്ടു വരുന്നത്. കൊടിമരം ജെ. ചിത്തരഞ്‌ജന്‍റെ വസതിയില്‍ നിന്നും.
പ്രൊഫ. പുതുശ്ശേരി രാമചന്ദ്രന്‍, പി.കെ. ഗോപി, ആലങ്കോട് ലീലാകൃഷ്‌ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, അനിതാതമ്പി, ഇന്ദിരാകൃഷ്‌ണന്‍, പ്രൊഫ. വി. സുന്ദരേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.