എനിക്ക് വേണ്ടിയും ഒരു കഥാപാത്രം അദ്ദേഹം കരുതിയിരുന്നു, അതിനുള്ള ഭാഗ്യമുണ്ടായില്ല: മഞ്ജു വാര്യർ
ഐ വി ശശിയുടെ ഓർമകളിൽ മഞ്ജു വാര്യർ
മലയാളത്തിന്റെ സ്വന്തം സംവിധായകൻ ഐ വി ശശി ഓർമയായി. ഒട്ടേറെ നടന്മാരെ സൂപ്പർതാരങ്ങളാക്കിയ അതുല്യ സംവിധായകന്റെ വിയോഗത്തിൽ ആദരമർപ്പിച്ച് മലയാളത്തിലെ താരങ്ങൾ ഇന്നലെ അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിയിൽ എത്തിയിരുന്നു. ആ വേദന പങ്കുവച്ച് പലരും സോഷ്യല്‍ മീഡിയയിലും ചാനല്‍ അഭിമുഖങ്ങളിലും എത്തി.
ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ഐവി ശശിയുടെ മരണത്തോട് പ്രതികരിച്ചത്. മൂന്നു വർഷങ്ങൾക്കു മുമ്പ് ഒരു സിനിമ മനസ്സിൽ ആലോചിച്ചപ്പോൾ എനിക്കു വേണ്ടിയും ഒരു കഥാപാത്രം അദ്ദേഹം കരുതിയിരുന്നുവെനു കരുതിയിരുന്നുവെന്നും എന്നാൽ അത് നടക്കാതെ പോയെന്നും മഞ്ജു പറയുന്നു.
മഞ്ജുവിന്റെ വരികൾ:
മലയാള സിനിമയിലെ ഒരു അതുല്യപ്രതിഭ കൂടി നമ്മെ വിട്ടു പോയിരിക്കുന്നു. ഒരു പക്ഷെ എന്നെപ്പോലെ തന്നെ സിനിമയിൽ ഒട്ടു മിക്കവർക്കും 'ഹിറ്റ് മേക്കർ' അല്ലെങ്കിൽ 'മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ' എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേര് ഐ. വി.ശശി എന്നായിരിക്കും. താരങ്ങളെക്കാൾ കരുത്തനായ സംവിധായകനായി, ദക്ഷിണേന്ത്യൻ സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ആർക്കും മറികടക്കാനാവാത്ത നേട്ടങ്ങൾ കൊയ്ത ഐ. വി. ശശി സർ മൂന്നു വർഷങ്ങൾക്കു മുമ്പ് ഒരു സിനിമ മനസ്സിൽ ആലോചിച്ചപ്പോൾ എനിക്കു വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു എന്നു ഞാൻ അഭിമാനത്തോടെ ഓർക്കുന്നു. പക്ഷെ ആ സിനിമ സംഭവിച്ചില്ല.
സിനിമയിൽ ഒരു കാലഘട്ടത്തെ സൃഷ്ടിച്ച ആ വലിയ സംവിധായകനോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. എന്നെന്നും ഓർക്കാൻ ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച പ്രിയപ്പെട്ട ശശി സർ, മലയാള സിനിമയെ സ്നേഹിക്കുന്ന ഏതൊരാളുടെയും ഉള്ളിൽ അങ്ങ് എന്നും ജീവിക്കും. അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ട ആ തൊപ്പി അങ്ങയുടെ പേരിൽത്തന്നെ എന്നും അറിയപ്പെടും