Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി

Cholera

രേണുക വേണു

, വെള്ളി, 19 ജൂലൈ 2024 (08:17 IST)
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോഗികളെ പരിചരിച്ച മെഡിക്കല്‍ കോളേജിലെ നഴ്‌സിന്റെ ഭര്‍ത്താവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം നെയ്യാറ്റിന്‍കരയിലെ രോഗബാധയുടെ ഉറവിടം വാട്ടര്‍ ടാങ്കെന്നാണ് കണ്ടെത്തല്‍. കോളറുടെ അണുക്കള്‍ വാട്ടര്‍ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. 
 
നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് ഇതുവരെ രണ്ട് ലക്ഷത്തില്‍ അധികം ആളുകള്‍ പനി ചികിത്സ തേടി. 18 ദിവസത്തിനിടെ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതായി. 
 
കോളറയെ കുറിച്ച് അറിയേണ്ടതെല്ലാം
 
കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തില്‍ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിര്‍ജലീകരണം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ആന്റിബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍ എന്നിവ ഫലപ്രദമാണ്.
 
വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
വയറിളക്ക രോഗമുള്ളപ്പോള്‍ ഒആര്‍എസിനൊപ്പം സിങ്ക് (Zinc) ഗളിക നല്‍കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒആര്‍എസ്, സിങ്ക് ഗളിക എന്നിവ സൗജന്യമായി ലഭ്യമാണ്.
 
രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്.
 
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
 
വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ തടയാന്‍ കഴിയും.
 
നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു.
 
മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത് മാത്രമേ ഭക്ഷിക്കാവൂ.
 
ഐസ്‌ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
 
പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്.
 
ആഹാരം കഴിക്കുന്നതിനു മുന്‍പും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം.
 
ആഹാരസാധനങ്ങള്‍ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.
 
ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
 
ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്.
 
വയറിളക്ക രോഗങ്ങള്‍ പകരാതിരിക്കാന്‍ കുഞ്ഞുങ്ങളെ മലവിസര്‍ജ്ജനത്തിന് ശേഷം ശുചിമുറിയില്‍ മാത്രം കഴുകിക്കുക. മുറ്റത്തോ മറ്റ് ടാപ്പുകളുടെ ചുവട്ടിലോ കഴുകിക്കരുത്. കഴുകിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
 
വയറിളക്ക രോഗമുള്ള കുട്ടികള്‍ ഉപയോഗിച്ച ഡയപ്പറുകള്‍ കഴുകി, ബ്ലീച്ച് ലായനിയില്‍ 10 മിനിറ്റ് മുക്കി വെച്ചതിനുശേഷം മാത്രം ആഴത്തില്‍ കുഴിച്ചിടുക.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്