ഇത്തവണത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കെ ആര്‍ മീരയ്ക്ക്. മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവലിനാണ് അവാര്‍ഡ്. സമീപകാലത്ത് മലയാളത്തിലിറങ്ങി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത നോവലാണ് ആരാച്ചാര്‍. കേരള സാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയവ ഈ നോവല്‍ നേടിയിട്ടുണ്ട്.
അവാര്‍ഡ് നേടിയതില്‍ ഒരേസമയം സന്തോഷവും സങ്കടവുമുണ്ടെന്ന് കെ ആര്‍ മീര പ്രതികരിച്ചു. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍, കലാകാരന്‍മാരും എഴുത്തുകാരും കൊല്ലപ്പെടുന്നതുപോലെയുള്ള അവസ്ഥ നിഉലനില്‍ക്കുമ്പോള്‍ ഭരണകൂട ഭീകരതയെ വിമര്‍ശിക്കുന്ന ഈ നോവലിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ പുരസ്കാരം ഏറ്റുവാങ്ങണമോ എന്ന കാര്യത്തില്‍ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും കെ ആര്‍ മീര പറഞ്ഞു.
ജോഷി ജോസഫിന്‍റെ വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ് എന്ന ഡോക്യുമെന്‍ററിയാണ് ‘ആരാച്ചാര്‍’ എഴുതാന്‍ മീരയ്ക്ക് പ്രചോദനമായത്. 2004ല്‍ കൊല്‍ക്കത്തയില്‍ ധനഞ്‌ജോയി ചാറ്റര്‍ജി എന്നൊരാളെ തൂക്കിക്കൊന്നിരുന്നു. അയാളെ തൂക്കിലേറ്റുന്നതിന്‍റെ തലേദിവസം ആ കര്‍മ്മം നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട നാട്ടാമല്ലിക് എന്ന ആരാച്ചാരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന അന്വേഷണമായിരുന്നു ആ ഡോക്യുമെന്‍ററി.
മറ്റൊരാളുടെ മരണംപോലും ഉപജീവനമായിത്തീരുന്ന ഒരവസ്ഥയിലേക്ക് മനുഷ്യര്‍ എത്തപ്പെടുന്നതെങ്ങനെ എന്ന അലട്ടലില്‍നിന്നാണ് കെ ആര്‍ മീര ആരാച്ചാര്‍ എന്ന നോവല്‍ എഴുതുന്നത്.