കൊച്ചി തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ പത്തേമാരി കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്‌സ്മെന്‍റും തീരസംരക്ഷണ സേനയും പരിശോധന ശക്തമാക്കി.
കേരള തീരത്ത് കടലിലൂടെ ഒരു പത്തേമാരി അതിവേഗം കടന്നു പോകുന്നുവെന്ന വിവരമാണ് ഇന്ന് രാവിലെ മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റിന് ലഭിച്ചത്. കടലില്‍ മീന്‍ പിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഈ വിവരം അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഈ പത്തേമാരി കേരള തീരത്തുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചിരുന്നു.
മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റിന്‍റെ നീണ്ടകര യൂണിറ്റിന് ലഭിച്ച വിവരം വൈപ്പിന്‍ യൂണിറ്റിന് കൈമാറുകയായിരുന്നു. ഈ പത്തേമാരി കൊച്ചിക്ക് സമീപത്തു കൂടി വടക്കോട്ട് അതിവേഗം സഞ്ചരിക്കുന്നതായാണ് വിവരം. മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റ് ഈ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുകയുണ്ടായി.
കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റും കടലില്‍ വിവിധ ഇടങ്ങളിലായി ഇപ്പോള്‍ പരിശോധന നടത്തുകയാണ്. മത്സ്യത്തൊഴിലാളികളില്‍ നിന്നും കിട്ടിയ വിവരം മാത്രമാണ് മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റിന്‍റെ കൈവശം ഇപ്പോഴുള്ളത്. കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലുകള്‍ പത്തേമാരി കണ്ടുവെന്ന് പറയപ്പെടുന്ന സ്ഥലത്തേയ്ക്ക് ഗതിതിരിച്ച് വിട്ടിട്ടുണ്ട്.