വടകര പുറം കടലില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ട ഉത്തര കൊറിയന്‍ കപ്പലില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇന്‍റലിജന്‍സ് ബ്യൂറോയും സ്പെഷ്യല്‍ ബ്രാഞ്ചും തീരസംരക്ഷണ സേനയും കപ്പലിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് തീരസംരക്ഷണ സേനയുടെ വിശദീകരണം.
വടകരയില്‍ കപ്പല്‍ നങ്കൂരമിട്ടത് ഇന്ധനടാങ്ക് ചോര്‍ന്നതു മൂലമാണെന്നും സാങ്കേതിക തകരാര്‍ മൂലമാണ് ഇക്കാര്യം കപ്പലിലെ ജീവനക്കാര്‍ക്ക് അറിയിക്കാന്‍ കഴിയാതിരുന്നതെന്നും കോസ്റ്റ് ഗാര്‍ഡ് വിശദീകരിച്ചു. പാകിസ്ഥാനില്‍ നിന്നു സിമന്‍റ് എടുക്കാനായിരുന്നു കപ്പല്‍ പുറപ്പെട്ടത്. കൊളംബോയില്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം പാകിസ്ഥാനിലേക്കു പോകുകയായിരുന്നു കപ്പല്‍.
ഉത്തരകൊറിയക്കാരായ 44 പേരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കപ്പല്‍ വടകര പുറംകടലില്‍ നങ്കൂരമിട്ടത്. മത്സ്യത്തൊഴിലാളികളായിരുന്നു ഇതേക്കുറിച്ച് ആദ്യം വിവരം കൈമാറിയത്. തുടര്‍ന്ന് നാവികസേനയും കോസ്റ്റ് ഗാര്‍ഡും കപ്പല്‍ വളഞ്ഞു. വിശദ വിവരങ്ങള്‍ അറിയുന്നത് വരെ കപ്പല്‍ തീരം വിടരുതെന്ന് തീരസംരക്ഷണ സേന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.