കൊലയാളി ഗെയിം കേരളത്തിലും; ആദ്യ ബ്ലൂ വെയ്‌ല്‍ ആത്മഹത്യ തിരുവനന്തപുരത്ത് ?
കേരളത്തിലും ബ്ലുവെയില്‍ ആത്മഹത്യ?
ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിന് അടിപ്പെട്ട് കേരളത്തില്‍ പതിനാറുകാരൻ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തൽ. തിരുവനന്തപുരത്താണ് സംഭവം. കുട്ടിയുടെ അമ്മതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം , ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്.
പതിനാറുവയസുളള തങ്ങളുടെ മകന്‍ ബ്ലുവെയില്‍ കളിച്ചിരുന്നതായാണ് അമ്മ വെളിപ്പെടുത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജ് സി മനു എന്ന കുട്ടി നീന്തലറിയാതിരുന്നിട്ടുകൂടി പുഴയില്‍ ചാടിയാണ് മരിച്ചതെന്നും അവര്‍ പറയുന്നു. മകന്‍ ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് ഗെയിം കളിക്കാന്‍ ആരംഭിച്ചതെന്നും എല്ലാ ടാസ്‌കുകളും പൂര്‍ത്തിയാക്കിയതായും അമ്മ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ നവംബറില്‍ ഗെയിം കളിക്കാന്‍ തുടങ്ങിയ കാര്യം മനോജ് അമ്മയോട് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ 26നാണ് കുട്ടി ആത്മഹത്യ ചെയ്യുന്നത്. ഗെയിം കളിക്കാന്‍ തുടങ്ങിയതിനുശേഷം വീട്ടുകാരുമായി മകന്‍ ഏറെ അകന്നിരുന്നതായും പിന്തിരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞില്ലെന്നും അമ്മ പറയുന്നു.
വീട്ടില്‍പ്പോലും പറയാതെ മനോജ് കടല്‍ കാണാന്‍ പോയെന്നും കൈയില്‍ മുറിവേല്‍പ്പിച്ച ശേഷം രാത്രി സമയത്ത് തനിച്ച് സെമിത്തേരിയില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നാണ് വിവരങ്ങള്‍. കുട്ടി ആത്മഹത്യ ചെയ്തത് ഫോണിലെ ഗെയിമുകള്‍ ഡിലീറ്റ് ചെയ്തതിനുശേഷമാണെന്നും സൂചനയുണ്ട്.