കേന്ദ്രം ഞെരുക്കുമ്പോഴും കൈവിടാതെ..! ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍
1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക
സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍. പെന്‍ഷന്റെ ഒരു ഗഡു വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. കേന്ദ്ര വിഹിതമായി കോടികളാണ് സംസ്ഥാനത്തിനു ലഭിക്കാനുള്ളത്. അതുകൊണ്ടാണ് ക്ഷേമ പെന്‍ഷന്‍ അഞ്ച് മാസത്തോളം കുടിശ്ശിക വന്നത്. കുടിശ്ശിക ആയി നില്‍ക്കുന്നത് ഘട്ടംഘട്ടമായി കൊടുത്ത് തീര്‍ക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി ധനവകുപ്പ് അനുവദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും.
സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് ഇരട്ടിയായി. യുഡിഎഫിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉണ്ടായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നു. ഇനിയെങ്കിലും കേന്ദ്രത്തിനെതിരെ സംയുക്ത സമരത്തിനു പ്രതിപക്ഷം തയ്യാറുണ്ടോ എന്നും ബാലഗോപാല്‍ കഴിഞ്ഞയാഴ്ച നിയമസഭയില്‍ ചോദിച്ചിരുന്നു.