ചികിത്സിക്കാന്‍ വന്നാല്‍ എലിപ്പനി പിടിച്ച് പോകാം!
വെറും പനി വന്ന് ആശുപത്രിയില്‍ ചെന്നാല്‍ കിട്ടുന്നത് ‘എലിപ്പനി’!
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പൈപ്പ് വെള്ളത്തില്‍ ചത്ത എലിയെ കണ്ടത് വിവാദമാവുന്നു. പനി ചികിത്സിക്കാന്‍ വന്നാല്‍ എലിപ്പനി പിടിച്ച് പോകാം എന്നാണ് നാട്ടുകാരുടെ വിമര്‍ശനം. ആരോഗ്യമന്ത്രി ശൈലജയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയ പൈപ്പ് വെള്ളത്തിലാണ് ആഴ്ചകൾക്കകം ഈ ദുസ്ഥിതി വന്നിരിക്കുന്നത്.
രോഗികളും കൂട്ടിരിപ്പുകാരും കുടിക്കുന്ന വെള്ളമാണിത്. പനി ചികിത്സായ്ക്കുള്ള സ്ത്രീകളുടെ ഇരുപത്തിനാലാം വാര്‍ഡിലെ പൈപ്പില്‍ നിന്ന് ലഭിച്ച വെള്ളത്തിലാണ് എലിയുടെ കാലുകള്‍, മറ്റു അവശിഷ്ടങ്ങള്‍ എന്നിവ ഉണ്ടായിരുന്നത്. എലിയുടെ വാലിന്റെ ഭാഗം പൈപ്പില്‍ തടഞ്ഞിരുന്നു.
എന്നാല്‍ ഇത് അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വാലിന്റെ ഭാഗം താഴേക്ക് പിടിച്ച് വലിക്കാനാണ് പറഞ്ഞതെന്ന് ആശുപത്രിയില്‍ എത്തിയ ശൈലജ എന്ന സ്ത്രീ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. രോഗികളുടെയും മറ്റാളുകളുടെയും ബഹളം ഉണ്ടായതോടെ അധികാരികള്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കിക്കളഞ്ഞു. സംഭവം അറിഞ്ഞ എംകെ രാഘവന്‍ എം.പി യും സ്ഥലത്തെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ തുടങ്ങി പരിസരങ്ങള്‍ ഉള്‍പ്പെടെ ഭാഗങ്ങള്‍ കര്ശനമായി ശുചീകരിക്കാമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്. അതെ സമയം വൃത്തിയില്ലാത്തതിന്റെ പേരില്‍ ആശുപത്രി ക്യാന്റീന്‍ പൂട്ടിച്ചതിന്റെ പ്രതികാര നടപടി എന്നോണം അതുമായി ബന്ധപ്പെട്ട ആളുകളാവാം മന:പൂര്‍വം ഇത്തരമൊരു സ്ഥിതി ഉണ്ടാക്കിയതെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിച്ച്. എന്തായാലും നിജസ്ഥിതി അറിയാന്‍ ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.