ജനപ്രതിനിധികളും മേലുദ്യോഗസ്ഥരും അനാവശ്യമായാണ് അകമ്പടിക്ക് വിളിക്കുന്നത്; ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസുകാര്‍: ടോമിന്‍ തച്ചങ്കരി
പൊലീസിനെ ജനപ്രതിനിധികൾ ദാസ്യപ്പണിക്ക് ഉപയോഗിക്കുകയാണെന്ന് എഡിജിപി തച്ചങ്കരി
പൊലീസുകാര്‍ ദാസ്യപ്പണി ചെയ്യേണ്ടവരല്ലെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി. ജനപ്രതിനിധികൾക്കും മേലുദ്യോഗസ്ഥർക്കും ദാസ്യപ്പണി ചെയ്യാനുള്ള ഗ്രൂപ്പായി പൊലീസിനെ ഉപയോഗപ്പെടുത്തുകയാണ്. ഇതിനെതിരെ തങ്ങളുടെ നിലപാടുകള്‍ തുറന്നുപറയാന്‍ എല്ലാ പൊലീസുകാരും തയ്യാറാകണമെന്നും പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
പൊലീസുകാരെ പഴ്സനൽ സെക്യൂരിറ്റി ഓഫിസറായി കൂടെ കൂട്ടുന്നതു സ്റ്റാറ്റസ് ആയാണു പലരും കാണുന്നത്.ഇത്തരത്തിൽ പൊലീസിനെ ഉപയോഗിക്കുന്നതിലൂടെ സർക്കാരിനു കോടികളാണു നഷ്ടമാകുന്നത്. ഇത്തരം പിഎസ്ഒകൾ ആരെയെങ്കിലും പ്രതിരോധിച്ചു രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത ഒരിക്കലും കേട്ടിട്ടില്ലെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടി.
സ്വന്തം മണ്ഡലങ്ങളില്‍ പോകാന്‍പോലും ജനപ്രതിനിധികൾ അനാവശ്യമായാണ് പൊലീസുകാരെ അകമ്പടിക്ക് വിളിക്കുന്നത്. സ്വന്തം മണ്ഡലത്തിൽ പോലും സുരക്ഷയില്ലാത്തവരാണോ ഈ ജനപ്രതിനിധികള്‍. പൊലീസുകാരുടെ എണ്ണം കൂട്ടുകയെന്നത് പ്രായോഗികമല്ലെന്നും തച്ചങ്കരി അഭിപ്രായപ്പെട്ടു.