ജിഷ്ണുവിന്റെ മരണം ആത്മഹത്യയാക്കി മാറ്റാനാണ് പൊലീസ് ശ്രമിക്കുന്നത്; പുതിയ ഡിജിപിയെ കാണാനൊരുങ്ങി ജിഷ്ണുവിന്റെ കുടുംബം
സെന്‍കുമാറിനെ കാണാനൊരുങ്ങി ജിഷ്ണുവിന്റെ കുടുംബം
ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാക്കി മാറ്റാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം. ചൊവ്വാഴ്ച ഡിജിപി സെന്‍കുമാറിനെ കാണുമെന്നും പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷയെന്നും ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടണമെന്ന് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌നാഥ് ബെഹ്‌റ ഡിജിപി ആയിരിക്കുന്ന സമയത്ത് അദ്ദേഹത്തെ കാണാന്‍ പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് അതിക്രമങ്ങള്‍ ഉണ്ടാകുകയും ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് മഹിജയും കുടുംബവും നടത്തിയ നിരാഹാരസമരം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. എന്നാല്‍ ഈ ഉറപ്പുകള്‍ മുഖ്യമന്ത്രി പാലിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ കുടുംബം പറഞ്ഞിരുന്നു.