നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന; ജയിലില്‍ നിന്ന് സുനി നിരവധി പേരെ ഫോണില്‍ ബന്ധപ്പെട്ടു - സഹതടവുകാരന്റെ മൊഴി പുറത്ത്
പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് പണത്തിനു വേണ്ടിയെന്ന് സഹതടവുകാരന്റെ മൊഴി
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാക്കനാട് ജയിലിലെ പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ ജിംസന്റെ മൊഴി. പെരുമ്പാവൂര്‍ പൊലീസിനാണ് ഇയാള്‍ മൊഴി നല്‍കിയത്. കൂടാതെ പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരവും പൊലീസിനു ലഭിച്ചു.
അതേസമയം, ജിംസണ് ഇപ്പോള്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ സിനിമാ താരങ്ങളുടെ പേരുകളില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്നേദിവസം എന്താണ് നടന്നതെന്ന് വ്യക്തമാക്കുന്ന കത്ത് പള്‍സര്‍ പുറത്ത് വിട്ടുവെന്നും സൂചനയുണ്ട്. മറ്റൊരു തടവുകാരന് മുഖേനെയാണ് കത്ത് പുറത്ത് വിട്ടത്.
സുനി ജയിലില്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അയാള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ജയിലില്‍ നിന്നും നിരവധി പേരെ സുനി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സുനിയെ കുടുക്കാന്‍ വേണ്ടി പൊലീസ് തന്നെ നല്കിയതാണോ ഈ മൊബൈല്‍ എന്നും സംശയമുയരുന്നുണ്ട്.
നടിയ്ക്കെതിരെ നടന്ന ആക്രമണം ക്വട്ടേഷനാണെന്നും അതിനോടു സഹകരിക്കണമെന്നും ആക്രമിക്കുന്നതിനു മുമ്പ് സുനി പറഞ്ഞതായി നടിയുടെ മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് സുനി നിഷേധിക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് പിടിയിലായ ഏഴുപേരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.