നടിയുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വ്യക്തമായി കാണണമെന്ന് പറഞ്ഞു, നാല് വര്‍ഷം പഴക്കമുള്ള ക്വട്ടേഷന്‍ ആണ്; പള്‍സര്‍ സുനിയുടെ കൂടുതല്‍ മൊഴി പുറത്ത്
അതിക്രമത്തിനിടെ നടി കരഞ്ഞപ്പോള്‍ ചിരിക്കാന്‍ നിര്‍ബന്ധിച്ചതായി പള്‍സര്‍ സുനി പൊലീസിന് മൊഴി കൊടുത്തു
കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നല്കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വോഷണം ആരംഭിച്ചു. നാലു വര്‍ഷം മുന്‍പ് നല്കിയ ക്വട്ടേഷന്‍ ആയിരുന്നു ഫെബ്രുവരിയില്‍ നടന്നതെന്ന് സുനി പൊലീസിന് മൊഴി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒന്നരക്കോടിയായിരുന്നു സുനിയ്ക്ക് ഇതിനായി വാഗ്ദാനം ചെയത തുക. ദൃശ്യങ്ങള്‍ പകര്‍ത്തി അതു കാണിച്ചു നടിയെ ഭീഷണിപ്പെടുത്താനുള്ള പദ്ധതി വിജയിച്ചാല്‍ 62 കോടി രൂപയുടെ ലാഭം ക്വട്ടേഷന്‍ നല്കിയ ആള്‍ക്ക് ലഭിക്കുമെന്നും സുനി പൊലീസിന് മൊഴി നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നടിയുടെ മോശം ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവരുടെ ചിരിക്കുന്ന മുഖവും നടിയുടെ കൈവിരലിലെ മോതിരവും വ്യക്തമായി കാണണമെന്ന് ക്വട്ടേഷന്‍ നല്കിയ വ്യക്തി ആവശ്യപ്പെട്ടിരുന്നുവെന്നും സുനി പറഞ്ഞു. ആക്രമിക്കപ്പെട്ട സമയത്ത് നടി കരഞ്ഞപ്പോള്‍ ചിരിക്കാന്‍ താന്‍ ആവശ്യപ്പെട്ടതായും സുനി പൊലീസിനു മൊഴി നല്കി.
സുനി നല്കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഇതില്‍ ചില കാര്യങ്ങള്‍ എല്ലാം സത്യമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വോഷണം ആരംഭിച്ചിരിക്കുന്നത്. സുനില്‍ ഇപ്പോള്‍ പറയുന്ന ക്വട്ടേഷന്‍ കഥ ശരിയാണെങ്കില്‍ നടിയെ ആക്രമിക്കാന്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് മലയാള സിനിമയിലെ വ്യക്തിയാണെന്ന നിഗമനത്തിലാണ് പൊലീസ്.