നടിയെ ആക്രമിച്ച കേസ്: ഗൂഢാലോചനയുടെ ചുരുളഴിയുന്നു - സുനിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി അന്വേഷണസംഘം !
ഗൂഢാലോചനയുടെ ചുരുളഴിക്കാൻ സുനിയെ ചോദ്യം ചെയ്യൽ തുടരുന്നു
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ചയും തുടരും. പള്‍സറിനേയും കൂട്ടുപ്രതിയായ മേസ്തിരി സുനിലിനേയും രണ്ടാം ദിവസവും തൃക്കാക്കര സ്റ്റേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. തൃക്കാക്കര അസി.പൊലീസ് കമീഷണര്‍ പി.പി. ഷംസിന്റെ സാന്നിധ്യത്തില്‍ ഇൻഫോപാര്‍ക്ക് സി ഐ പി കെ രാധാമണിയാണ് ഇരുവരേയും ചോദ്യം ചെയ്യുന്നത്.
ആക്രമണത്തിനിരയായ നടിയുടെ ആദ്യ മൊഴിയെടുത്തതും ഇൻഫോപാര്‍ക്ക് സി ഐയായിരുന്നു.
ജില്ലാ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലായിരുന്നു കഴിഞ്ഞ ദിവസം പള്‍സര്‍ സുനിയെയും കേസിലെ മൂന്നാം പ്രതിയായ മേസ്തിരി സുനിലിനേയും ഇന്‍ഫൊപാര്‍ക്ക് പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയത്. പണം ആവശ്യപ്പെടുന്നതിനായി നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും നാല് തവണ ജയിലിൽനിന്ന് വിളിച്ചതായും പള്‍സര്‍ സുനി സമ്മതിക്കുകയും ചെയ്തു.
കാക്കനാട്ടെ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. അതേസമയം, സുനിയെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അതിനാൽ കസ്റ്റഡി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിഭാഗം അപേക്ഷ നൽകി. കേസിൽ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്കി. അപേക്ഷ വെള്ളിയാഴ്ചയാണ് കോടതി പരിഗണിക്കുക.