കൊച്ചി തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പത്തേമാരി പരിശോധനയ്‌ക്ക് ശേഷം തീരദേശ സേന വിട്ടയച്ചു. പത്തേമാരിയില്‍ സംശയകരമായി ഒന്നും കണ്ടത്താത്തതിനെത്തുടര്‍ന്നാണിത്.
പത്തേമാരിയുടെ ഉടമസ്ഥതയെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് തീരദേശ സേനയും മറൈന്‍ എന്ഫോഴ്സ്മെന്റും കടലില്‍ പരിശോധന നടത്തിയത്. കേരള തീരത്ത് കടലിലൂടെ ഒരു പത്തേമാരി അതിവേഗം കടന്നു പോകുന്നുവെന്ന വിവരമാണ് ഇവര്‍ നല്‍കിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഈ പത്തേമാരി കേരള തീരത്തുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്മെന്‍റും തീരസംരക്ഷണ സേനയും പരിശോധന ശക്തമാക്കി. കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്ഫോഴ്സ്മെന്റും കടലില്‍ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ പത്തേമാരി കണ്ടെത്തുകയായിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്‍റെയും കൊച്ചി വോള്‍വോ ഏഷ്യന്‍ റേസിന്‍റേയും പശ്ചാത്തലത്തില്‍ കൊച്ചി കടലില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.