പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതില്‍ പരാതി ലഭിച്ചിരുന്നു; ആക്ഷേപങ്ങള്‍ക്കെല്ലാം കോടതിയിൽ മറുപടി നൽകും: ഡിജിപി ലോക്നാഥ് ബെഹ്‌റ
എപ്പോള്‍ എങ്ങനെ പരാതി നല്‍കിയെന്നത് കോടതിയെ അറിയിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ
പൾസർ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നൽകിയിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. എപ്പോഴാണ് ദിലീപ് പരാതി നല്‍കിയതെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കുമെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്താൻ സാധിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂല പ്രസ്താവനയുമായി ഡിജിപി ലോക്നാഥ് ബെഹ്‌റ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കേസില്‍ ദിലീപ് പറയുന്നതും പൊലീസ് പറയുന്നതും ശരിയാണെന്നായിരുന്നു ബെഹ്‌റ പറഞ്ഞത്. ദിലീപ് പുതിയ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു പ്രതികരണം.
ദിലീപ് പറയുന്നതും പൊലീസ് പറയുന്നതും ശരിയാണെന്ന് പറയുന്ന ബെഹ്‌റ ആരു പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ അതു കോടതിയലക്ഷ്യമാകും. സംഭവം വിശദമാക്കി പൊലീസ് ഉടന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ബെഹ്‌റ വ്യക്തമാക്കി.
കേസില്‍ പള്‍സര്‍ സുനി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ അന്നു തന്നെ ഡിജിപിക്ക് വാട്സാപ്പ് വഴി അയച്ചിരുന്നുവെന്ന് പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ മൂടിവെക്കുകയും ദിവസങ്ങള്‍ കഴിഞ്ഞാണ് പരാതി നല്‍കിയതെന്നുമായിരുന്നു പൊലീസ് പറയുന്നത്. പൊലീസിന്റെ ഈ വാദത്തെ പൂര്‍ണമായും എതിര്‍ക്കുന്ന രീതിയിലാണ് പുതിയ ജാമ്യാപേക്ഷ.