സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി.
ക്രമക്കേട് കാണിച്ച അഞ്ച് പേരെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. കോര്‍പ്പറേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കുകള്‍ കാര്യക്ഷമവും അഴിമതി വിമുക്തവുമാക്കുന്നതിന്‍റെ ഭാഗമായി കോര്‍പ്പറേഷന്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
കോട്ടയത്തെ പെട്രോള്‍ പമ്പില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ലക്ഷം രൂപയുടെ തിരിമറി കണ്ടുപിടിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ബങ്കിന്‍റെ ചുമതലക്കാരനായ സുരേന്ദ്ര ബാബുവിനെയും എറണാകുളം എം.ജി.റോഡിലുള്ള പെട്രോള്‍ പമ്പില്‍ നടത്തിയ പരിശോധനയില്‍ 1,35,000 രൂപയുടെ ക്രമക്കേട് കണ്ടതിനെ തുടര്‍ന്ന് ചുമതലക്കാരനായ തങ്കച്ചനെയും സസ്പെന്‍റ് ചെയ്തു.
എറണാകുളം ഡി.എച്ച്.റോഡിലുള്ള പമ്പില്‍ കണ്ടെത്തിയ 1,57,000 രൂപയുടെ ക്രമക്കേടിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചനുജന്‍, ഷാജിഖാന്‍ എന്നിവരെയും കോഴിക്കോട് പെട്രോള്‍ പമ്പില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ 3,75,000രൂപയുടെ ക്രമക്കേട് കണ്ടുപിടിക്കുകയും ചുമതലക്കാരനായ ക്ലാര്‍ക്ക് മോഹന്‍ദാസിനേയും സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു.
ഇവരുടെയെല്ലാം പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി കൈക്കൊണ്ടു. നിരവധി ജീവനക്കാരെ സ്ഥലം മാറ്റി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ എല്ലാ പെട്രോള്‍ ബങ്കുകളിലും എല്‍.പി.ജി.ഔട്ട്‌ലെറ്റിലും പരിശോധന തുടരുകയാണ്.