പ്ലസ് വണ്‍ പ്രവേശനം: സര്‍ക്കാരിന് തിരിച്ചടി; സിബിഎസ്ഇ ഫലം വന്നതിനുശേഷം മൂന്നുദിവസം കൂടി നല്‍കണമെന്ന് ഹൈക്കോടതി
സിബിഎസ്ഇ ഫലം വന്നതിനുശേഷം മൂന്നുദിവസം കൂടി നല്‍കണമെന്ന് ഹൈക്കോടതി
പ്ലസ് വണ്‍ പ്രവേശനം നീട്ടിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തളളി. സിബിഎസ്ഇ ഫലം വന്നതിനുശേഷം മൂന്നുദിവസം കൂടി പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിനുളള അവസരം നല്‍കണമെന്നും കുട്ടികളുടെ കാര്യത്തില്‍ ഒരിക്കലും വാശി പിടിക്കരുതെന്നും ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഓര്‍മിപ്പിച്ചു.
നേരത്തെ ജൂണ്‍ അഞ്ചുവരെയായിരുന്നു പ്ലസ് വണ്‍ പ്രവേശനത്തിന് ഹൈക്കോടതി തിയതി നല്‍കിയിരുന്നത്. എന്നാല്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ സ്വീകരിക്കുന്ന തിയ്യതി മേയ് 22ന് അവസാനിപ്പിക്കണമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്. എന്നാല്‍ സിബിഎസ്ഇ പരീക്ഷാഫലം വൈകുന്നതിനാല്‍ പ്രവേശനതിയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് പ്രവേശനത്തിനുളള സമയപരിധി ജൂണ്‍ അഞ്ചുവരെ ഹൈക്കോടതി നീട്ടിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.