ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് നോട്ട് നിരോധിച്ച ശേഷം ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. നാലുപേരുടെ കുടുംബങ്ങള്‍ക്കാണ് ഈ സഹായം ലഭിക്കുക.
സി ചന്ദ്രശേഖരന്‍(കൊല്ലം), കാര്‍ത്തികേയന്‍(ആലപ്പുഴ), പി പി പരീത്(തിരൂര്), കെ കെ ഉണ്ണി(കണ്ണൂര്‍) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായധനം ലഭിക്കുക. പുതിയ നോട്ടിനായി എടിഎമ്മിന് മുന്നിലും റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിന് മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെയാണ് ഇവര്‍ മരിച്ചത്.
നോട്ട് മാറിയെടുക്കാനും പുതിയനോട്ടുകള്‍ വാങ്ങുവാനുമായി ക്യൂനിന്ന് രാജ്യത്താകമാനം ഏറെപ്പേര്‍ മരിച്ചു. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യചെയ്തവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്തായാലും സംസ്ഥാനത്ത് മരിച്ച നാലുപേര്‍ക്കാണ് ഇപ്പോള്‍ രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കാനും ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കാബിനറ്റ് പദവിയോടെയാണ് നിയമനം.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനാണ് പുതുക്കിയ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള പദ്ധതിക്ക് 2577 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചി റീജിയണല്‍ ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേസുകളുടെ ബാഹുല്യം കണക്കിലെടുത്താണിത്.
കേരള ഹൈക്കോടതിയില്‍ കോര്‍ട്ട് മാനേജര്‍മാരുടെ രണ്ടു തസ്തികകള്‍ സൃഷ്ടിക്കാനും ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.